നെയ്യാറ്റിൻകര: പെരുമ്പഴുതൂരിൽ നടന്ന ഘോഷയാത്രയ്‌ക്കിടെ പൊലീസ് വീട്ടിൽ അതിക്രമിച്ചുകയറി വികലാംഗയെയും 16കാരിയായ മകളെയും തള്ളിയിട്ടെന്ന് പരാതി. പെരുമ്പഴുതൂർ പഴിഞ്ഞിക്കുഴി ശ്രീകൃഷ്ണയിൽ കെ.എസ്.ഇ.ബി ജീവനക്കാരനായ മധുവിന്റെ ഭാര്യ അമൃതയാണ് (46) മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്.അമൃതയുടെ അമ്മ പദ്മിനി ബുധനാഴ്ചയാണ് മരിച്ചത്. ചടങ്ങുകളുമായി ബന്ധപ്പെട്ട് ബന്ധുക്കൾ വീട്ടിലുള്ളപ്പോഴാണ് നെയ്യാറ്റിൻകര സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അതിക്രമം നടത്തിയതെന്നാണ് ആരോപണം. ഘോഷയാത്ര കടന്നുപോകുന്ന സമയം ഇവരുടെ മകൻ അരവിന്ദ് കൃഷ്‌ണ (20) റോഡിൽ നിൽക്കുകയായിരുന്നു. മധു അരവിന്ദിനെ അകത്തേക്ക് വിളിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന പൊലീസ് യുവാവിനെ ശകാരിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലേക്ക് പോയ മകനെ സി.ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി പ്രകോപനമില്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം തടയാൻ ശ്രമിക്കുന്നതിനിടെ അമൃതയുടെ കാലിനും മാതൃസഹോദരി സുലോചനയ്ക്കും മകൾക്കും പരിക്കേറ്റു. അമൃത നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും മകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മകനെ പൊലീസുകാർ പിടികൂടിയതെന്ന് വീട്ടുകാർ പറഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് അമൃത വ്യക്തമാക്കി. എന്നാൽ ഘോഷയാത്ര നിയന്ത്രിച്ചുകൊണ്ടിരുന്ന പൊലീസുകാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തുട‌ർന്നാണ് യുവാവിനെ അറസ്റ്റുചെയ്‌തതെന്ന് നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു. യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.