iffk

ചലച്ചിത്രമേള ഉദ്ഘാടന ചടങ്ങിന്റെ തുടർച്ചയായി സമാപനവും

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിന്റെ തുടർച്ചയായി സമാപന ചടങ്ങും. ഉദ്ഘാടന ചടങ്ങ് ഭാവന കൊണ്ട് ഉജ്ജ്വലമാക്കിയിടത്തു നിന്നാണ് ചലച്ചിത്ര അക്കാ‌ഡമി ചെയർമാൻ രഞ്ജിത്ത് തുടങ്ങിയത്. ഇന്നലെ കഥാകൃത്ത് ടി.പദ്മനാഭന്റെ വാക്കുകൾ അതിന് അത്യുജ്ജ്വല ശോഭ പകർന്നു..

പോരാട്ടത്തിന്റെ മറ്റൊരു പെൺപ്രതീകമായി നടിയെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ച രഞ്ജിത്ത് ഇന്നലെ പറ‌‌ഞ്ഞതിങ്ങനെ - '' അന്ന് ഉയർത്തിപ്പിടിച്ച നിലപാട് കൊളുത്തിയ വെളിച്ചം കെടാതെ സൂക്ഷിക്കാൻ ചലച്ചിത്ര അക്കാഡമി ബാദ്ധ്യസ്ഥമാണ്...''

അതിന് പിന്നാലെയാണ് ഭാവനയെ അപരാജിത എന്ന് വിശേഷിപ്പിച്ച് പദ്മനാഭൻ സദസിന്റെ അത്യുജ്ജ്വല കരഘോഷം ഏറ്റുവാങ്ങിയത്.

''ഉദ്ഘാടന ദിവസം ഞാനെന്റെ വീട്ടിലെ ചെറിയ മുറിയിൽ ടെലിവിഷൻ നോക്കി ഇരിക്കുകയായിരുന്നു.അഭൂതപൂർവമായ കാഴ്ചയാണ് അന്ന് കണ്ടത്. അപരാജിതയായ ഒരു പെൺകുട്ടി. ഒരിക്കലും ഒരാൾക്കും തോൽപ്പിക്കാൻ കഴിയാത്ത പെൺകുട്ടി. ര‌ഞ്ജിത്ത് അവരെ വേദിയിലേക്ക് ആനയിക്കുന്നു.ആദ്യം അത്ഭുതമായിരുന്നു. അന്നിവിടെ ഉണ്ടായിരുന്ന കാണികൾക്ക് മാത്രമല്ല, ടി.വിയിലൂടെ ലോകമെമ്പാടുമുള്ള കാണികൾക്കും അത്ഭുതമായിരുന്നു. ഇവർ പരസ്യമായി രംഗപ്രവേശം ചെയ്യുകയോ?പിന്നീട് നിലയ്ക്കാത്ത കരഘോഷം കേട്ടു. അതുകൊണ്ടു കൂടി മാത്രമാണ് അല്ലെങ്കിൽ അതുകൊണ്ടു മാത്രമാണ് ഞാൻ പറയുന്നത് ഇത് സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന ചലച്ചിത്രോത്സവം ആണെന്ന്''

തെറ്റു ചെയ്തവൻ ശിക്ഷിക്കപ്പെട്ടേ പറ്റൂ. എത്ര വലിയവനായാലും ഒരുതരത്തിലുള്ള ദാക്ഷിണ്യത്തിനും അവർ അർഹരാകുന്നില്ല. കേരളം പലതിലും മുന്നിലാണ്. എങ്കിലും പല രംഗങ്ങളിലും പ്രത്യേകിച്ച് തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ നാം മുന്നോട്ടു പോകണം- കരഘോഷങ്ങളോടെയാണ് ടി.പദ്മനാഭന്റെ വാക്കുകളെ സദസ് സ്വീകരിച്ചത്.

ഉദ്ഘാടന ദിവസം മൂന്ന് വനിതകളാ ആഘോഷിക്കപ്പെട്ടതെങ്കിൽ ഇന്നലെ ബോളിവുഡ് അഭിനേതാവ് നവാസുദ്ദീൻ സിദ്ദിഖിയെയാണ് ആഘോഷിച്ചത്. 'അഭിനയ കലയുടെ അതിസൂക്ഷ്മ ഭാവങ്ങൾ ശരീരത്തിലേക്ക് ആവാഹിച്ച സമകാലിക ഇന്ത്യൻ സിനിമയുടെ ഉജ്ജ്വല പ്രതിഭയാണ്' എന്ന് വിശേപ്പിച്ച ശേഷം രഞ്ജിത്തിന് കുറച്ചു നേരം കാത്തു നിൽക്കേണ്ടി വന്നു. ഗതാഗതകുരുക്കുകാരണം സിദ്ദിഖിയുടെ വരവ് വൈകി.