t-padmanabhan

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സർക്കാർ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് വെളിച്ചം കാണണമെന്നും കുറ്റവാളികൾ എത്ര വലിയവരായാലും ശിക്ഷിക്കപ്പെടണമെന്നും കഥാകൃത്ത് ടി.പദ്മനാഭൻ. അങ്ങനെ ചെയ്തില്ലെങ്കിൽ ഭാവികേരളം സർക്കാരിന് മാപ്പ് നൽകില്ലെന്ന് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനവേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പറ‌ഞ്ഞു.

നടിയെ 'അപരാജിത' എന്നാണ് പദ്മനാഭൻ വിശേഷിപ്പിച്ചത്. ഒട്ടേറെ സിറ്റിംഗുകൾ നടത്തി രണ്ടു കോടിയലധികം രൂപ ചെലവഴിച്ചാണ് ജസ്റ്റിസ് ഹേമയും രണ്ട് വനിതകളും അടങ്ങുന്ന സമിതി റിപ്പോർട്ട് നൽകിയത്.

അത് ഇനിയും വെളിച്ചം കണ്ടിട്ടില്ല. ഇതിലും വലിയ ദുർഘടങ്ങളെ നിഷ്പ്രയാസം തരണം ചെയ്ത ഒരു സർക്കാരാണിത്. ഈ സർക്കാർ വിചാരിച്ചാൽ തരണം ചെയ്യാൻ കഴിയാത്ത അത്ര വലിയ കടമ്പയാണോ ഇത് എന്ന് കരുതുന്നില്ല.

അപരാജിത രംഗത്ത് വന്നപ്പോൾ മാത്രമാണ് മറ്റു പരാതികളും വന്നത്. ഇനിയും ഇത്തരം കാര്യങ്ങൾ ചെയ്ത് ആർക്കും താരചക്രവർത്തിമാരായി വാഴാൻ കഴിയില്ലെന്ന് കരഘോഷങ്ങൾക്കിടയിൽ അദ്ദേഹം പറഞ്ഞു.

ഉടനെ മൈക്കിനു മുന്നിൽ എത്തിയ മന്ത്രി സജി ചെറിയാൻ ഹേമ കമ്മിഷൻ റിപ്പോർട്ടും അടൂർ ഗോപാലകൃഷ്ണൻ കമ്മിഷൻ റിപ്പോർട്ടും ആധാരമാക്കി ഒരു നിയമം സർക്കാർ കൊണ്ടുവരുമെന്ന് പറഞ്ഞു.