
നെയ്യാറ്റിൻകര: ജപ്തി നടപടികളിലൂടെ പലപ്പോഴും വില്ലനാകാറുള്ള ബാങ്ക് ജീവനക്കാർ വേറിട്ടൊരു പ്രവർത്തനം കാഴ്ചവച്ചതോടെ കേരള ബാങ്കിന് കൈയടി. കേരള ബാങ്ക് തിരുവനന്തപുരം റീജിയന്റെ കീഴിലുള്ള നെയ്യാറ്റിൻകരയിലെ പ്രഭാത - സായാഹ്ന ശാഖയിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാൻ കഴിയാത്ത അർബുദ രോഗിയായ ചായ്ക്കോട്ടുകോണം കുളത്താമൽ തൊഴുത്ത് വാതിൽക്കൽവിള വീട്ടിൽ മണിയന്റെ(65) വായ്പയിലെ ബാക്കി തുകയായ ഒരു ലക്ഷത്തോളം രൂപയാണ് ശാഖാ മാനേജർ ലതിക കുമാരിയുടെ നേതൃത്വത്തിൽ അടച്ചുതീർത്ത് ആധാരം തിരികെ നൽകിയത്. ആകെയുള്ള മൂന്ന് സെന്റ് വസ്തു പണയപ്പെടുത്തി 2017ലാണ് മണിയൻ 2 ലക്ഷം രൂപ വായ്പ എടുത്തത്. കൃത്യമായി തിരിച്ചടവ് നടത്തിക്കൊണ്ടിരിക്കെ മണിയൻ കാൻസർ ബാധിതനാകുകയായിരുന്നു. ഇതോടെ കൂലിപ്പണിക്കാരനായ മണിയന് ജോലിക്ക് പോകാൻ കഴിയാതെയാകുകയും വായ്പ തവണ മുടങ്ങുകയുമായിരുന്നു. മണിയന്റെ ദുരവസ്ഥ മനസ്സിലാക്കിയ ബാങ്ക് മാനേജർ ലതികാ ദേവിയാണ് മറ്റ് ജീവനക്കാരുടെ സഹകരണത്തോടെ വായ്പ പൂർണ്ണമായും തിരിച്ചടയ്ക്കാൻ സന്നദ്ധത കാണിച്ചത്. രോഗിയായ മകനും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. മകൾ വിവാഹിതയാണ്. ബാങ്കിൽ ചേർന്ന യോഗത്തിൽവച്ച് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പണയാധാരം മണിയന് തിരികെ നൽകി. ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടർ അഡ്വ.ഷാജഹാൻ, ജനറൽ മാനേജർ ആർ.ശിവകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡി.രാജേന്ദ്രൻ, കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. സുഭാഷ്, ശാഖാ മാനേജർ ലതികാ ദേവി. ജെ.വി, നെയ്യാറ്റിൻകര ഏര്യാ മാനേജർ ലത .റ്റി , ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ബാങ്ക് ജീവനക്കാരുടെ ഇടപെടലിൽ കിടപ്പാടം തിരികെ കിട്ടിയതിൽ ഏറെ സന്തോഷത്തിലാണ് മണിയൻ. യോഗത്തിൽ ബാങ്ക് മാനേജർ ലതികാ ദേവിയെ അനുമോദിച്ചു.