rail

തിരുവനന്തപുരം: സിൽവർ ലൈനിനോട് എതിർപ്പുള്ള സ്ഥലങ്ങളിൽ കല്ലിടൽ ഒഴിവാക്കി ഒരു മാസത്തിനകം സാമൂഹികാഘാതപഠനം തുടങ്ങുമെന്ന് കെ-റെയിൽ. പത്ത് ജില്ലകളിൽ കല്ലിടാൻ അഞ്ച് ഏജൻസികൾക്കാണ് കരാർ നൽകിയത്. 100 കിലോമീറ്ററിൽ കല്ലിടാൻ 40 മുതൽ 60 ലക്ഷം വരെയാണ് കരാർ. ആകെ ചെലവ് മൂന്ന് കോടിയോളം. മൊത്തം 529.45 കിലോമീറ്റർ പാതയിൽ 175 കിലോമീറ്ററിലാണ് കല്ലിട്ടത്.

ആകാശ സർവേയിലൂടെ അലൈൻമെന്റ് നിശ്ചയിച്ചെങ്കിലും, ആരെയൊക്കെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി അറിയാനാണ് കല്ലിടുന്നത്. ജി.പി.എസ് ലൊക്കേഷൻ ഡേറ്റ ഉപയോഗിച്ച് ആർക്കും വെബ്സൈറ്റിൽ അലൈൻമെന്റ് അറിയാം. ഇതിൽ ഒന്നു മുതൽ രണ്ടു മീറ്റർ വരെ വ്യത്യാസമുണ്ടാവും. അതിനാലാണ് കല്ലിട്ട് അതിർത്തി തിരിക്കുന്നത്.
കല്ലിട്ടശേഷം നടത്തുന്ന സാമൂഹികാഘാത പഠനത്തിൽ എത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്നും എത്ര ജനങ്ങളെ ബാധിക്കുമെന്നും എത്ര കെട്ടിടങ്ങൾ പൊളിക്കണമെന്നും കൃത്യമായി അറിയാം. കുടിയൊഴിപ്പിക്കുന്നവരിൽ ദരിദ്രർക്ക് കൂടുതൽ നഷ്ടപരിഹാരവും ലൈഫ് മാതൃകയിൽ വീടും ഭൂമിയും നൽകുമെന്നും ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായവർക്ക് ജോലി നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള ഗുണഭോക്താക്കളെയും സാമൂഹികാഘാത പഠനത്തിലാണ് കണ്ടെത്തുക. വിദ്യാഭ്യാസ യോഗ്യതയ്‌ക്കനുസരിച്ച് എൻജിനിയർ വരെയുള്ള ജോലികളാവും നൽകുകയെന്ന് കെ-റെയിൽ വ്യക്തമാക്കി.

കല്ലിടൽ

 50 മീറ്ററിൽ ഒരു കല്ല്

വളവുകളിൽ 25മീറ്ററിൽ ഒരു കല്ല്

മൊത്തം ഒരു ലക്ഷത്തോളം കല്ല്

വീട് നഷ്ടപ്പെട്ടാൽ

1) നഷ്ടപരിഹാരം+ 4.6 ലക്ഷം

2) നഷ്ടപരിഹാരം+ 1.6 ലക്ഷം+ വീട്

വാസസ്ഥലം നഷ്ടപ്പെടുന്ന ഭൂരഹിതരായ അതിദരിദ്രർക്ക്

1) നഷ്ടപരിഹാരം+ 5സെന്റ് ഭൂമി+ വീട്

2) നഷ്ടപരിഹാരം+ 5 സെന്റ് ഭൂമി+ 4ലക്ഷം രൂപ

3) നഷ്ടപരിഹാരം+ 10ലക്ഷം രൂപ

 നെടുമ്പാശേരി സ്റ്റേഷൻ ഉപേക്ഷിച്ചിട്ടില്ല

വിമാനത്താവളത്തിന്റെ ഫ്ലൈയിംഗ് സോണിലുള്ള സ്റ്റേഷന് ഡി.ജി.സി.എയുടേതടക്കം കൂടുതൽ അനുമതി വേണ്ടിവരും. അലൈൻമെന്റ് മാറ്റണമെന്ന് ഡി.ജി.സി.എ അറിയിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയവുമായി കത്തിടപാടുകൾ നടക്കുകയാണ്. ദിവസേന 30,000 യാത്രക്കാരും അത്രത്തോളം യാത്രഅയയ്ക്കാനെത്തുന്നവരുമുണ്ട്. ഇവരിൽ 10 ശതമാനം സിൽവർ ലൈനിലേക്ക് മാറും. അതിനാൽ സ്റ്റേഷൻ ഉപേക്ഷിക്കില്ലെന്ന് കെ-റെയിൽ വ്യക്തമാക്കി.

 50,000 ആളുകളെ ബാധിക്കും

 9314 കെട്ടിടങ്ങൾ പൊളിക്കണം

 1226.45 ഹെക്ടർ ഭൂമി ഏറ്റെടുക്കണം

 ഭൂമി ഏറ്റെടുക്കാനും നഷ്ടപരിഹാരത്തിനും 13,265 കോടി

'കുടിയൊഴിപ്പിക്കുന്നവരെ വഴിയാധാരമാക്കില്ല. ഭൂമിയും വീടും നൽകും. ഗുണഭോക്താക്കളെ സാമൂഹികാഘാത പഠനത്തിലേ അറിയാനാവൂ.സ്വകാര്യഭൂമിയിൽ കല്ലിടാനുള്ള 6(1)വിജ്ഞാപനം റവന്യൂവകുപ്പ് പുറത്തിറക്കിയത് കെ -റെയിലിന്റെ ആവശ്യപ്രകാരമാണ്".

-വി.അജിത്കുമാർ, എം.ഡി, കെ-റെയിൽ