കടയ്ക്കാവൂർ: മത്സ്യ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകികൊണ്ട് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ 19,53,78,978രൂപ വരവും 19,28,72,196 രൂപ ചെലവും 25,06, 782രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ലിജാ ബോസാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ശുദ്ധജല മത്സ്യക്കൃഷിക്ക് 12,50,000 രൂപയും മത്സ്യബന്ധനം, അനുബന്ധ സൗകര്യങ്ങൾ 12,00, 00 രൂപയും മൃഗ സംരക്ഷണത്തിനും പശു വളർത്തലിനും 12,00,000 രൂപയും സംയോജിത മത്സ്യ കൃഷിക്ക് 1,50,000 രൂപയും ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾ, ഭിന്നശേഷിയുള്ള വ്യക്തികൾ, വൃദ്ധർ, നിരാലംബരായ രോഗികൾ, കുട്ടികൾ, സ്ത്രീകൾ, സ്ത്രീ കൂട്ടായ്മകൾ എന്നിങ്ങനെ കൈത്താങ്ങ് ആവശ്യമായവരും പ്രത്യേക പരിഗണന അർഹിക്കുന്നവരുമായ സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും ഉചിതമായ രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും തുക വകയിരുത്തുകയും ചെയ്തിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അറിയിച്ചു.