
തിരുവനന്തപുരം: ഖാദി ഒരു വസ്ത്രം മാത്രമല്ല ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെ പ്രതീകം കൂടിയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ഖാദി സുസ്ഥിര വികസനത്തിന്റെയും മനോനിയന്ത്രണത്തിന്റെയും സന്ദേശം കൂടിയാണ് പകരുന്നത്.നെയ്യാറ്റിൻകരയിൽ ഖാദിയുടെ 100-ാം വാർഷികാചരണത്തിന്റെ ഭാഗമായി നിംസ് മെഡിസിറ്റിയിലെ മുഴുവൻ ജീവനക്കാർക്കും ഖാദി യൂണിഫോം നൽകുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ ഇന്ത്യയിലെ ആദ്യ സമ്പൂർണ ഖാദി വത്കൃത സ്വകാര്യ ആശുപത്രിയായി നിംസ് മെഡിസിറ്റി മാറി. നിംസിലെ ജീവനക്കാർക്കുള്ള ഖാദി യൂണിഫോം വിതരണവും കൈത്തറി മേഖലകളിലെ മുതിർന്ന അംഗങ്ങളെ ആദരിക്കലും മന്ത്രി നിർവഹിച്ചു. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ ഗോപിനാഥൻ നായർ അദ്ധ്യക്ഷനായി.
ഖാദി കൈത്തറി തൊഴിലാളികളുടെ മക്കൾക്ക് നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയുടെ ഉന്നത വിദ്യാഭ്യാസ സഹായ സ്കോളർഷിപ്പ് വിതരണോദ്ഘാടനം എം.എൽ.എ വി.കെ പ്രശാന്ത് നിർവഹിച്ചു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ് ഫൈസൽഖാൻ ആമുഖ പ്രഭാഷണം നടത്തി. ഖാദി സന്ദേശമടങ്ങുന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ഗാന്ധി ദർശൻ സംസ്ഥാന സമിതി പ്രസിഡന്റ് വി.സി കബീർ നിർവഹിച്ചു. ഖാദി- കൈത്തറി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപനവും നടന്നു. കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.ഗോപാലകൃഷ്ണൻ നായർ, ഗാന്ധിമിത്ര മണ്ഡലം നെയ്യാറ്റിൻകര ജനറൽ സെക്രട്ടറി ബി.ജയചന്ദ്രൻ നായർ,
ഫാ.ക്രിസ്തുദാസ്, നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.മഞ്ജു തമ്പി, ജനറൽ മാനേജർ ഡോ.കെ.എ.സജു തുടങ്ങിയവർ പങ്കെടുത്തു.