എട്ട് കൗൺസിലർമാർക്ക് പരിക്ക്
തിരുവനന്തപുരം: നഗരവികസനത്തിന് ഗുണകരമായി മാറേണ്ട കോർപ്പറേഷന്റെ ബഡ്ജറ്റ് ചർച്ച രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിമാറി വാക്കേറ്റത്തിലും കൈയാങ്കളിയിലും കലാശിച്ചു. എൽ.ഡി.എഫിലെയും ബി.ജെ.പിയിലെയും നാലു കൗൺസിലർമാർക്ക് വീതം പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
ബഡ്ജറ്റ് ചർച്ചയുടെ ആദ്യദിനമായ വെള്ളിയാഴ്ച കേന്ദ്രസർക്കാർ പദ്ധതികൾ പരാമർശിച്ചില്ലെന്നാരോപിച്ച് ബി.ജെ.പി ഇറങ്ങിപ്പോയിരുന്നു. ഇന്നലെ ബി.ജെ.പി നടപടിയെ വിമർശിച്ച് രാഷ്ട്രീയം പറഞ്ഞായിരുന്നു മേയറും ചർച്ച തുടങ്ങിയത്. ഇതിനെതിരെ ബി.ജെ.പി കക്ഷിനേതാവ് എം.ആർ. ഗോപൻ രംഗത്തെത്തിയെങ്കിലും എൽ.ഡി.എഫ് അംഗങ്ങൾ പ്രതിരോധിച്ചു. സി.പി.എമ്മിലെ മേടയിൽ വിക്രമൻ സംസാരിക്കാനെഴുന്നേറ്റപ്പോൾ ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
വാക്കേറ്റമുണ്ടായതിനെ തുടർന്ന് യു.ഡി.എഫ് കക്ഷിനേതാവ് പി. പദ്മകുമാറിനെ പ്രസംഗിക്കാൻ ക്ഷണിച്ചെങ്കിലും ബഹളത്തിനിടെ സംസാരിക്കാൻ സാധിച്ചില്ല. ചർച്ചകൾ മുടക്കാനാണ് ബി.ജെ.പിയും എൽ.ഡി.എഫും ശ്രമിക്കുന്നതെന്നാരോപിച്ച് യു.ഡി.എഫ് ചർച്ച ബഹിഷ്‌കരിച്ചു. വാക്കേറ്റം അതിരൂക്ഷമായതോടെ ബഡ്‌ജറ്റ് പാസായതായി മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. പിന്നാലെ ബി.ജെ.പി - എൽ.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽനിന്ന് പുറത്തേക്കിറങ്ങി ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. സംഘർഷ സാദ്ധ്യതയുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. തുടർന്ന് ബഡ്‌ജറ്റ് പാസാക്കിയതിന്റെ ആഹ്ലാദപ്രകടനത്തോടെ ഇടതുപക്ഷ കൗൺസിലർമാർ മേയറുടെ ഓഫീസിലെത്തി. ഏകപക്ഷീയമായി ബഡ്ജറ്റ് പാസാക്കിയെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾ മേയറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിക്കുന്നതിനിടെയാണ് കൈയാങ്കളിയുണ്ടായത്. എൽ.ഡി.എഫിനെ അനുകലിക്കുന്ന സ്വതന്ത്രൻ നിസാമുദ്ദീനും ബി.ജെ.പിയിലെ വി.ജി. ഗിരികുമാറുമായുള്ള തർക്കം ഇരുപക്ഷത്തെയും കൗൺസിലർമാർ ഏറ്റെടുത്തോടെ കൈയാങ്കളിയായി.
എൽ.ഡി.എഫ് അഗങ്ങളായ ഡോ. റീന, ബിന്ദു മേനോൻ, ആശ ബാബു എന്നിവരും നിസാമുദ്ദീനും മെഡിക്കൽ കോളേജ് ആശുപത്രിയിലും ബി.ജെ.പി കൗൺസിലർമാരായ വി.ജി. ഗിരികുമാർ,മഞ്ചു. ജി.എസ്,സൗമ്യ,സുരേഷ് എന്നിവർ പട്ടത്തെ സ്വകാര്യആശുപത്രിയിലും ചികിത്സതേടി. ഇരുകൂട്ടരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിക്കേറ്റവരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
മുട്ടുമടക്കില്ല: മേയർ
ബി.ജെ.പിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലന്ന് മേയർ ആര്യാ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എതിർക്കുന്നവരെ ആക്രമിച്ച് നശിപ്പിക്കുന്ന ശൈലി അപമാനകരമാണെന്നും മേയർ കൂട്ടിച്ചേർത്തു. അതേസമയം ബഡ്‌ജറ്റിലെ കണക്കുകളിലെ പൊള്ളത്തരം പിടികൂടുമെന്ന ഭയം കാരണമാണ് ബഹളമുണ്ടാക്കി ബഡ്ജറ്റ് പാസാക്കിയതെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും ബി.ജെ.പി നേതാവ് എം.ആർ. ഗോപനും പറഞ്ഞു. എൽ.ഡി.എഫും ബി.ജെ.പിയും ബോധപൂർവം അക്രമം സൃഷ്ടിക്കുകയാണെന്ന് യു.ഡി.എഫ് നേതാവ് പി. പദ്മകുമാർ ആരോപിച്ചു.