
ബാർ മാനേജർ മർദ്ദിച്ചെന്ന് ഭാര്യയുടെ പരാതി
ബാലരാമപുരം: സ്വകാര്യ ബാറിലെ സംഘർഷത്തിന് പിന്നാലെ സി.പി.എം പ്രവർത്തകൻ മരിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. തേമ്പാമുട്ടം കോത്തച്ചൻവിളാകത്ത് തോട്ടിൻകരക്ക് സമീപം ബൈജുവാണ് (46) ഇന്നലെ മരിച്ചത്. കഴിഞ്ഞ 22ന് രാത്രി 9.30ഓടെയാണ് സംഭവം. സി.പി.എം തേമ്പാമുട്ടം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് .
സംഘർഷം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് സുഹൃത്തുക്കൾവഴി ബന്ധുക്കൾ സംഘർഷത്തെക്കുറിച്ച് അറിയുന്നത്. ഇന്നലെ പുലർച്ചെ രണ്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബൈജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. മാനേജർ ഭർത്താവിനെ മർദ്ദിച്ചെന്നും ചികിത്സയ്‌ക്കായി മാനേജർ രൂപ നൽകിയെന്നും പരാതിയിൽ പറയുന്നു.
സംഘർഷമുണ്ടായ ദിവസം രാത്രി ബാർ മാനേജർ ബാലരാമപുരം പൊലീസിൽ പരാതി നൽകിയിരുന്നു. തേമ്പാമുട്ടം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് ബൈജു. തേമ്പാമുട്ടം ജംഗ്ഷനിൽ മൃതദേഹവുമായെത്തിയ ആംബുലൻസിന് മുന്നിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിച്ചു. ബൈജുവിന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് ഭാര്യ സാമിനിയും നെല്ലിമൂട് ന്യൂ.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായ മകൻ ആദർശും (12 ) കഴിഞ്ഞിരുന്നത്. പ്രാഥമിക നിഗമനത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യൂവെന്നുമാണ് പൊലീസ് പറയുന്നത്.