
തിരുവനന്തപുരം: ഖാദിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ഖാദി ജനങ്ങളിലേക്ക് എന്ന സന്ദേശമുയർത്തി
നിംസിലെ ജീവനക്കാർക്കുള്ള യൂണിഫോം ഇനി മുതൽ ഖാദിയിലാക്കി. ക്ളീനിംഗ് വിഭാഗത്തിന്റെ വസ്ത്രം, ഡോക്ടർമാരുടെ കോട്ട്, നഴ്സിംഗ് ജീവനക്കാർ, അറ്റൻഡർമാർ, ഫാർമസിസ്റ്റുകൾ തുടങ്ങി ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും യൂണിഫോമും ഖാദിയിൽ നിർമ്മിച്ചതായിരിക്കും.
വിപ്ളവകരമായ ആശയം കൊണ്ടുവന്നത് നിംസ് എം.ഡി എം.എസ് ഫൈസൽഖാൻ തന്നെയാണ്. ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂർണ ഖാദി യൂണിഫോമുള്ള സ്വകാര്യ ആശുപത്രിയായി ഇതോടെ നിംസ് മെഡിസിറ്റി മാറി. നിംസിലെ 1500നുമേൽ ജീവനക്കാരാണ് ഇന്നലെ മുതൽ ഖാദി യൂണിഫോമിലേക്ക് മാറിയത്. പച്ച, നീല, ലാവൻഡർ, പീച്ച്, പിങ്ക്, വയലറ്റ്, ഗ്രേ തുടങ്ങി 12ലധികം നിറങ്ങളിലുള്ള യൂണിഫോമുകളാണ് ജീവനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഒരു സ്റ്റാഫിന് മൂന്നു യൂണിഫോം എന്ന രീതിയിലാണ് ഇവ വിതരണം ചെയ്യുക.
സർജറിക്കായെത്തുന്ന രോഗിയിടുന്ന ഗൗൺ, ബഡ്ഷീറ്റുകൾ, സർജറി റൂമിൽ നിന്ന് രോഗിയെ മാറ്റുന്ന ഷിഫ്ടിംഗ് ക്ളോത്ത്, ഓപ്പറേഷൻ തിയേറ്ററിലെ തുണികൾ എല്ലാം ഖാദിയിലുള്ളതായിരിക്കും. മൂന്നുതരത്തിൽ അണുനശീകരണം നടത്തിയാണ് ഇവയെല്ലാം ഉപയോഗിക്കുക. ആശുപത്രി എം.ഡിക്കൊപ്പം എച്ച്.ആർ മാനേജർ അരുൺ ഉൾപ്പെടെയുള്ള ഏഴംഗ സംഘമാണ് ഖാദി മൂവ്മെന്റിന് ചുക്കാൻ പിടിക്കുന്നത്.