തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനും രാജ്യപുരോഗതിക്കും മഹത്തായ സംഭാവനകളർപ്പിച്ച മുസ്ലിം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നതിനും പാർശ്വവത്കരിക്കുന്നതിനുമുള്ള ഗൂഢ ശ്രമങ്ങളെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം വലിയ ഖാസിയായി ചുമതലയേറ്റ ചന്തിരൂർ വി.എം. അബ്ദുല്ലാഹ് മൗലവിയുടെ സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരണഘടനയുടെ ആത്മാവിനെയും അന്തസിനെയും തകർക്കുന്ന തരത്തിലുളള നീക്കങ്ങൾ ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു. അബ്ദുല്ലാഹ് മൗലവിക്ക് ദക്ഷിണകേരളജംഇയ്യത്തുൽ ഉലമാ സംസ്ഥാന പ്രസിഡന്റ് കെ.പി. അബൂബക്കർ ഹസ്രത്ത് തലപ്പാവണിയിച്ചു. പ്രഥമ വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്രാ മൗലവിയുടെ അനുസ്മരണ സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. വലിയ ഖാസി നയപ്രഖ്യാപന പ്രസംഗം നടത്തി. ഹാഫിസ് പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാനിപ്ര ഇബ്രാഹീം മൗലവി, പാച്ചല്ലൂർ അബ്ദുസലീം മൗലവി, എൻ.കെ. അബ്ദുൽ മജീദ് മൗലവി, കുറ്റിച്ചൽ ഹസൻ ബസരി മൗലവി, ഖാസി എ. ആബിദ് മൗലവി, മൗലവി നവാസ് മന്നാനി പനവൂർ, നസീർഖാൻ ഫൈസി, എസ്. മൻസൂറുദ്ദീൻ റഷാദി, സയ്യിദ് മുത്തുക്കോയ തങ്ങൾ, സയ്യിദ് പൂക്കോയാ തങ്ങൾ, അബൂറബീഅ് സ്വദഖത്തുല്ലാഹ് മൗലവി, മുഹമ്മദ് ജാബിർ മൗലവി ചേലക്കുളം ,ഡി.എം. മുഹമ്മദ് മൗലവി വടുതല, മോഡേൺ അബ്ദുൽ ഖാദർ ഹാജി, എം. അബ്ദുറഷീദ് ഹാജി, കടുവയിൽ ഷാജഹാൻ മൗലവി, പി.എം. അബ്ദുൽ ജലീൽ മൗലവി തുടങ്ങിയവർ സംസാരിച്ചു.