
പോത്തൻകോട്: വിഴിഞ്ഞം - നാവായിക്കുളം റിംഗ് റോഡ് പദ്ധതിയിൽ തേക്കട മുതൽ മംഗലപുരം വരെയുള്ള ലിങ്ക് റോഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തലസ്ഥാന നഗര വികസനത്തിന്റെ ഭാഗമായി വിഴിഞ്ഞത്തു നിന്ന് നാവായിക്കുളത്തേക്ക് നിർമ്മിക്കുന്ന റിംഗ് റോഡ് വെമ്പായം, പോത്തൻകോട്, അണ്ടൂർകോണം, മംഗലപുരം എന്നീ പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. ജനവാസകേന്ദ്രങ്ങളും കൃഷി ഭൂമിയും നഷ്ടപ്പെടാൻ ഇടയാക്കുന്ന പദ്ധതി 70 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കുമ്പോൾ നിരവധിപേർ കുടിയൊഴിപ്പിക്കപ്പെടും. റിംഗ് റോഡ് നിർമ്മാണം ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുമെന്നാണ് സമരസമിതിയുടെ പരാതി. പോത്തൻകോട് നടന്ന പ്രതിഷേധപരിപാടി കെ- റെയിൽ വിരുദ്ധ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു.