biriyani-

ചിറയിൻകീഴ് : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി പെരുമാതുറയിൽ " തണൽ " നടത്തിയ ബിരിയാണി ചലഞ്ച് നാട് ഏറ്റെടുത്തു. പെരുമാതുറയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിനും തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണത്തിനും പണം കണ്ടെത്തുന്നതിനായാണ് " തണൽ " ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. കക്ഷി - രാഷ്ട്രീയ ചിന്തകൾ മാറ്റിവെച്ച് ഒരു നാട് മുഴുവൻ ഒന്നായപ്പോൾ 10000 ബിരിയാണിയാണ് വീടുകളിൽ എത്തിയത്. ഒരു പൊതിക്ക് 100 രൂപയാണ് ഇടാക്കിയത്. ഡയാലിസിസ് രോഗികൾക്ക് ആവശ്യമായ ചികിത്സയും മരുന്നും സൗജന്യമായും നൽകുക എന്ന ലക്ഷ്യത്തോടെയാണ് തണൽ ഡയാലിസിസ് കേന്ദ്രം പെരുമാതുറയിൽ ആരംഭിച്ചത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 17 പേർക്ക് സൗജന്യമായി ഇവിടെ നിന്ന് ഡയാലിസിസ് ചെയ്ത് വരുന്നു.അംഗപരിമിതമായ കുട്ടികൾക്ക് സൗജന്യമായി തെറാപ്പി സൗകര്യവും തണലിൽ ഒരുക്കിയിട്ടുണ്ട്. അഗതി മന്ദിരം, കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കാൻ തണൽ ഫാർമസി എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു.