
കല്ലമ്പലം: പഞ്ചായത്ത് കമ്മിറ്റിയിൽ അജൻഡയിൽ ഉൾപ്പെടുത്താത്ത വിഷയം ചർച്ചയ്ക്കെടുക്കണമെന്ന് പ്രതിപക്ഷവും സാദ്ധ്യമല്ലെന്ന് ഭരണപക്ഷവും വാശിപിടിച്ചതോടെ പഞ്ചായത്ത് ഓഫീസിൽ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും പ്രതിഷേധ സമരവും നടന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. പഞ്ചായത്ത് കമ്മിറ്റിയിൽ 11 വിഷയങ്ങൾ ചർച്ച ചെയ്ത് കഴിഞ്ഞപ്പോൾ അജൻഡയിലില്ലാത്ത തൊഴിലുറപ്പ് തൊഴിലാളിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാക്കളായ ബി.ജെ.പി, കോൺഗ്രസ് അംഗങ്ങൾ വാശിപിടിച്ചതോടെയാണ് രംഗം വഷളായത്.
തൊഴിലുറപ്പ് ജോലിയിൽ സ്ഥിരമായി പങ്കെടുക്കാതിരുന്ന മൂന്ന് തൊഴിലാളികളോട് എ.ഇയും ഓവർസീയറും വിശദീകരണം ചോദിച്ചപ്പോൾ ഒരു തൊഴിലാളിയും തൊഴിലുറപ്പിലില്ലാത്ത അവരുടെ മകളും ഇവരോട് മോശമായി പെരുമാറിയെന്നും എന്നാൽ ഉദ്യോഗസ്ഥരാണ് അപമര്യാദയായി പെരുമാറിയതെന്ന് തൊഴിലുറപ്പ് തൊഴിലാളിയും ആരോപിച്ചിരുന്നു. ഇരുവരുടെയും പരാതിയിൽ അസിസ്റ്റന്റ് സെക്രട്ടറി റിപ്പോർട്ട് തയ്യാറാക്കി സെക്രട്ടറിക്ക് നൽകിയതിനെത്തുടർന്ന് 30ന് ഇവരെ ചർച്ചയ്ക്ക് വിളിച്ചിരിക്കെയായിരുന്നു. കഴിഞ്ഞദിവസത്തെ കമ്മിറ്റിയിൽ പ്രതിപക്ഷം ഈ വിഷയം ചർച്ച ചെയ്യണമെന്ന് വാശിപിടിച്ചു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രനും വൈസ് പ്രസിഡന്റ് സാബുവും അജൻഡയിൽ ഉൾപ്പെടുത്താത്ത വിഷയം ചർച്ച ചെയ്യാനാകില്ലെന്നും അടുത്തമാസത്തെ കമ്മിറ്റിയിൽ ഈ വിഷയം ചർച്ച ചെയ്യാമെന്നുമുള്ള നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ ബി.ജെ.പി ഉൾപ്പെടെ പന്ത്രണ്ടോളം പ്രതിപക്ഷ അംഗങ്ങൾ സമരമുഖത്തിറങ്ങുകയായിരുന്നു. വൈകിട്ട് ഓഫീസ് സമയം കഴിഞ്ഞിട്ടും ഇവർ പുറത്തിറങ്ങാതായതോടെ പഞ്ചായത്ത് ഓഫീസ് പൂട്ടാനായില്ല. ഏറെ വൈകിയും ഭരണ പ്രതിപക്ഷ നേതാക്കൾ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഇതിനിടെ പഞ്ചായത്തിന് പുറത്ത് സി.പി.എം പ്രവർത്തകർ കൂട്ടമായെത്തി അനുകൂല മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും എസ്.ഡി.പി.ഐ പ്രവർത്തകരും കൂടിയെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. തുടർന്ന് വർക്കല, കല്ലമ്പലം, പള്ളിക്കൽ സ്റ്റേഷനുകളിൽ നിന്നും ഡിവൈ.എസ്.പി നിയാസ്.പി, കല്ലമ്പലം സി.ഐ ഫറോസ്.ഐ, പള്ളിക്കൽ സി.ഐ ശ്രീജിത്ത്.പി എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. രാത്രി 9.30ഓടെ സമരത്തിലേർപ്പെട്ടിരുന്ന പ്രതിപക്ഷ മെമ്പർമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ജനാധിപത്യ രീതിയിൽ മെമ്പർമാരുടെ ഭൂരിപക്ഷ അഭിപ്രായത്തിന് വിലകൽപ്പിക്കാത്ത പ്രസിഡന്റിന്റെ നിഷേധാത്മക നിലപാടാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.
പഞ്ചായത്ത് കമ്മിറ്റിയിൽ അജൻഡയിൽ ഇല്ലാത്ത ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ പറഞ്ഞു.
ഭരണസമിതി പാർട്ടിപ്രവർത്തകരെ കൂട്ടിക്കൊണ്ടുവന്ന് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് പഞ്ചായത്തിൽ നടന്നതെന്ന് ബി.ജെ.പിയും ആരോപിച്ചു.
നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുക എന്ന തന്ത്രമാണ് ബി.ജെ.പി - കോൺഗ്രസ് - എസ്.ഡി.പി.ഐ തുടങ്ങിയ കക്ഷികൾ നടത്തുന്നതെന്ന് സി.പി.എം വ്യക്തമാക്കി. പഞ്ചായത്തിൽ അംഗങ്ങളില്ലാത്ത എസ്.ഡി.പി.ഐയെ സംഭവത്തിൽ വെറുതെ വലിച്ചിഴയ്ക്കുകയാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മരുതിക്കുന്ന് വാർഡിൽ രണ്ടാം സ്ഥാനത്തെത്തിയ എസ്.ഡി.പി.ഐ ഉപതിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന ഭീതിയാണ് മറ്റ് പാർട്ടികളെ അക്രമത്തിലേക്ക് നയിക്കുന്നതെന്നും എസ്.ഡി.പി.ഐ ആരോപിച്ചു.