മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ആറാട്ട് മഹോത്സവം ഇന്ന് നടക്കും. ആറാട്ട് പ്രമാണിച്ച് മലയിൻകീഴ് പഞ്ചായത്തിനെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. മലയിൻകീഴും പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന 10 കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലകളായി സർക്കാർ പ്രഖ്യാപിച്ചു. മലയിൻകീഴ് ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ പുലർച്ച 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടാക്കട ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനങ്ങൾ അന്തിയൂർക്കോണം മൂങ്ങോട്-തച്ചോട്ടുകാവ് വഴിയും തിരുവനന്തപുരം നിന്ന് കാട്ടാക്കട പോകേണ്ട ബസ് ഉൾപ്പെടെയുള്ളവ തച്ചോട്ടുകാവ് മഞ്ചാടി-മൂങ്ങോട് വഴി പോകേണ്ടതാണ്. പാപ്പനംകോട് ഭാഗത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് ശാന്തുമൂല വരെയും ഊരൂട്ടമ്പലം, ബാലരാമപുരം, നെയ്യാറ്റിൻകര നിന്നുള്ള ബസുകൾ അണപ്പാട് വരെ മാത്രമേ ഉണ്ടാകു.

വൈകിട്ട് 4നും 4.30നും മദ്ധ്യേ തൃക്കൊടിയിറക്കിയ ശേഷം കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നള്ളത്ത്. രാത്രി 9ന് ആറാട്ട്, 10ന് കുഴയ്ക്കാട് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്നും തിരിച്ചെഴുന്നള്ളത്ത്. 29 രാവിലെ 4ന് ആറാട്ട്കലശം, ശ്രീഭൂതബലി എഴുന്നള്ളത്ത് തുടർന്ന് ആകാശനിറച്ചാർത്ത്.

ആറാട്ട് പ്രമാണിച്ച് മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപാഞ്ചായത്ത് പ്രദേശത്ത് പൊതു അവധി നൽകിയിട്ടുണ്ട്.

ക്ഷേത്രത്തിൽ ഇന്ന് രാവിലെ 7ന് ഉഷപൂജ,7.30ന് എതൃത്ത് പൂജ, 9ന് പഞ്ചാരിമേളം.

മലയിൻകീഴ് ജംഗ്ഷനിൽ വൈകുന്നേരം 4 ന് പാണ്ടിമേളം, രാത്രി 7.30 ന് മധുരിമ വയലിൻ ഫ്യൂഷൻ. രാത്രി 10.30 ന് സിനിമാ പിന്നണി ഗായകരായ സിത്താര കൃഷ്ണകുമാർ, സച്ചിൻ വാര്യർ നയിക്കുന്ന ഗാനമേള.