kula

നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്തിലെ ഒരു നീരുറവ കൂടി ആരും തിരിഞ്ഞുനോക്കാനില്ലാതെ വിസ്മൃതിയിലേക്ക്. കമുകിൻകോട് വാർഡിലെ വെള്ളോട്ട് കുളമാണ് അധികൃതരുടെ അനാസ്ഥയിൽ നശിച്ചുകൊണ്ടിരിക്കുന്നത്. 30 സെന്റോളം വിസ്തൃതിയുണ്ടായിരുന്ന ജലാശയമാണ് ഇപ്പോൾ വറ്റിവരണ്ട് കാടുംപടർപ്പും നിറഞ്ഞ അവസ്ഥയിലായത്. 5 വർഷത്തിലധികമായി കുളം ശോചനീയാവസ്ഥയിലായിട്ട്. കുളത്തിന്റെ പാർശ്വഭിത്തികളെല്ലാം ഇടിഞ്ഞ് വിസ്തൃതി നാളുകൾ കഴിയുന്തോറും കുറഞ്ഞ് വരുകയാണ്. കാടുംപടർപ്പും വളർന്ന് കുളത്തിന്റെ പരിസരം ഇപ്പോൾ വിജനമായി സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. സമീപത്തായി വീടുകളുണ്ടെങ്കിലും സന്ധ്യ കഴിഞ്ഞാൽ ഇഴജന്തുക്കളെ ഭയന്ന് ജനങ്ങൾക്ക് ഇതിലേ വഴിനടക്കാനും കഴിയാത്ത അവസ്ഥയിലാണ്. കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കാൻ ആവശ്യാനുസരണം ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും അതൊന്നും പദ്ധതി പ്രവർത്തനങ്ങളിൽ കാര്യമായ ഉപയോഗിക്കാറില്ലെന്നാണ് ആരോപണം. നാശത്തിലായ 28ഓളം ജലസ്രോതസ്സുകൾ അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളതായാണ് വിവരം.

കൃഷിയും വിസ്മൃതിയിൽ

കുളത്തിലെ വെള്ളം വറ്റിത്തുടങ്ങിയതോടെ കുളത്തിന് സമീപത്തായുണ്ടായിരുന്ന തോട്ടിലും തുള്ളിവെള്ളമില്ലാതെയായി. കുളത്തിലെ വെള്ളമായിരുന്നു സമീപത്തിലെ ഏലായിലെ കൃഷിക്കും ഉപയോഗിച്ചിരുന്നത്. എന്നാൽ കുളത്തിലെ ജലനിരപ്പ് കുറഞ്ഞത് ഏലായിലെ കൃഷിയെയും സാരമായി ബാധിച്ചു. വാഴ, നെല്ല്, പച്ചക്കറികൾ തുടങ്ങിയവ കൃഷി ചെയ്തിരുന്ന ഇവിടെ ഇപ്പോൾ പേരിന് വാഴമാത്രമാണ് കൃഷി ചെയ്യുന്നത്. മുമ്പ് കുടിവെള്ളത്തിനും മറ്റ് വീട്ടാവശ്യങ്ങൾക്കും യഥേഷ്ടം ഉപയോഗിച്ചിരുന്ന കുളമാണ് ഇപ്പോൾ അധികൃതരുടെ അനാസ്ഥയിൽ ഉപയോഗശൂന്യമായി കിടക്കുന്നത്.

വറ്റിവരണ്ടു

കുളം സ്ഥിതിചെയ്യുന്നത് താഴ്ന്ന പ്രദേശത്തായതിനാൽ ഊറ്റിൽ നിന്നുള്ള ജലത്താലായിരുന്നു കുളം നിറഞ്ഞിരുന്നത്. പിന്നീട് കാലാകാലങ്ങളിൽ കുളത്തിൽ ചെളിയും മണ്ണുമടക്കമുള്ള മാലിന്യങ്ങൾ നീക്കാത്തതിനെ തുടർന്ന് ഇവയെല്ലാം അടിഞ്ഞുകൂടി കുളത്തിലെ ജലമൂറ്റ് കുറഞ്ഞു. ഊറ്റ് പൂർണമായും നിലച്ച് കുളം വരണ്ടുണങ്ങിയ നിലയിലാണ്. കുളത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് പഞ്ചായത്തിനും ജനപ്രതിനിധികൾക്കും നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയെങ്കിലും കുളം നവീകരിക്കാൻ അധികൃതർക്ക് സന്മനസ്സുണ്ടാവണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.