തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ചർച്ചയ്‌ക്കിടെ ഭരണ - പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവത്തിൽ പ്രശ്നപരിഹാര ശ്രമങ്ങൾ നടക്കുന്നു. പൊലീസ് കേസ് ഒഴിവാക്കി പ്രശ്നം പരിഹരിക്കാനാണ് ഇരുവിഭാഗവും ആലോചിക്കുന്നത്. തർക്കം തുടങ്ങിയത് ഭരണസമിതി അംഗങ്ങളാണെന്നും അവർ ആദ്യം ഇടപ്പെട്ട് പ്രശ്നം തീർക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനോട് സി.പി.എം എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും കൂടുതൽ കാര്യങ്ങളിലേക്ക് ഭരണപക്ഷം കടക്കൂ എന്നാണ് സൂചന. രണ്ട് സി.പി.എം കൗൺസിലർമാർ ഒരു സി.പി.ഐ കൗൺസിലർ എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് ബി.ജെ.പി കൗൺസിലർമാർക്കും പരിക്കേറ്റു. പരിക്കേറ്റ ഇടതുമുന്നണി കൗൺസിലർമാർ ഇന്നലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയത്.

 പൊലീസ് കേസ് ചർച്ചയ്ക്ക് ശേഷം

ഇരുവിഭാഗവുമായി ചർച്ച നടത്തിയ ശേഷം മാത്രമാണ് പൊലീസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ ഇരുവിഭാഗത്തിലെയും പരിക്കേറ്റവർ, സാക്ഷികൾ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസ് എടുക്കുന്നുവെങ്കിൽ ഇരുവിഭാഗത്തിനെതിരെയും കേസെടുക്കേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.

 സ്പെഷ്യൽ കൗൺസിൽ വിളിക്കാൻ ബി.ജെ.പി

ബഡ്ജറ്റിനെ പറ്റി ചർച്ചചെയ്യാൻ സ്പെഷ്യൽ കൗൺസിൽ വിളിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. ആവർത്തനം കൂടുതലുള്ള ബഡ്ജറ്റിനെപ്പറ്റി ജനങ്ങൾ അറിയാതിരിക്കാനാണ് ചർച്ച തടസപ്പെടുത്താൻ ഭരണസമതി ശ്രമിച്ചതെന്നും അതിനെതിരെയാണ് സ്പെഷ്യൽ കൗൺസിൽ വിളിക്കാൻ തീരുമാനിച്ചതെന്നും ബി.ജെ.പി അറിയിച്ചു.