
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുതെന്ന കെ.മുരളീധരന്റെ അഭിപ്രായപ്രകടനം പലരെയും വേദനിപ്പിച്ചെന്ന് സഹോദരിയും കോൺഗ്രസ് നേതാവുമായ പദ്മജാ വേണുഗോപാൽ.തന്റെ സാദ്ധ്യത കൂടി ആ പ്രസ്താവന ഇല്ലാതാക്കിയെന്ന് ആരെങ്കിലും കരുതിയാൽ അതിശയമില്ലെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പദ്മജ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവരെ പരിഗണിക്കേണ്ടെന്ന മാനദണ്ഡത്തോട് യോജിപ്പില്ല. എല്ലാവരും എപ്പോഴെങ്കിലും തോറ്റിട്ടുള്ളവരല്ലേ.ഓരോന്നു പറയുമ്പോൾ നമുക്ക് സംഭവിച്ചതെന്താണ് , നമ്മൾ എന്താണ് എന്നു കൂടി ഓർമ്മിക്കുന്നതാണ് ഉചിതം.. തോൽവി വ്യക്തിപരമായി ഒരാളുടെ കുഴപ്പം കൊണ്ടു മാത്രം സംഭവിക്കുന്നതല്ല. പല ഘടകങ്ങൾ ഉണ്ടാവും. നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ഓളം കോൺഗ്രസ് സ്ഥാനാർത്ഥികൾ തോറ്റില്ലേ.അവരെല്ലാം മോശക്കാരാണോ. നമുക്കും തോൽവി സംഭവിച്ചിട്ടില്ലേ എന്നോർക്കണം.
തീരുമാനങ്ങളെടുക്കുന്നതിൽ സഹോദരന് പലപ്പോഴും തെറ്റു പറ്റാറുണ്ടെന്നും പദ്മജ പറഞ്ഞു.. തീരുമാനമെടുക്കാനുള്ള കഴിവും എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കാനുള്ള മനസുമാണ് അച്ഛന്റെ ഏറ്റവും വലിയ ഗുണം. എന്നാൽ പെട്ടെന്നുണ്ടാവുന്ന വിഷമമോ സന്തോഷമോ ഒക്കെയാണ് മുരളിയേട്ടന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. അങ്ങനെയൊരു മാനസികാവസ്ഥയിൽ എടുക്കുന്ന തീരുമാനങ്ങൾ ശരിയാവാനിടയില്ല.. ഐ ഗ്രൂപ്പ് ഒരു വികാരമായിരുന്നു. ഇന്ന് ആ സ്നേഹവും ബന്ധവും ഇല്ല. താൻ കുട്ടിക്കാലത്ത് കണ്ട കോൺഗ്രസല്ല ഇന്നത്തേത്. സ്വന്തം കാര്യത്തിനാണ് പ്രാമുഖ്യം. മറ്റൊരാളെ വെട്ടി എങ്ങനെ ഉയരാമെന്ന ചിന്തയാണ് ഭൂരിഭാഗത്തിനുമെന്നും പദ്മജ പറഞ്ഞു.