ponkala-

ചിറയിൻകീഴ്: അഴൂ‌ർ ഭഗവതി ക്ഷേത്രത്തിലെ മീന കാർത്തിക മഹോത്സവത്തിന് കൊടിയേറി.ക്ഷേത്ര തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെയും മേൽശാന്തി രാജേഷ് പോറ്റിയുടെയും മുഖ്യകാർമികത്വത്തിലാണ് തൃക്കൊടിയേറ്റ് നടന്നത്.തുടർന്ന് നടന്ന സമൂഹ പൊങ്കാലയിൽ ആയിരങ്ങൾ അഴൂർ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു. ക്ഷേത്ര തന്ത്രി 9.15ന് പണ്ടാര അടുപ്പിൽ പകർന്ന തീ മറ്റ് അടുപ്പുകളിലേക്ക് പകർന്നപ്പോൾ ക്ഷേത്ര പരിസരം യാഗശാലയായി. 11ന് പൊങ്കാല നിവേദ്യം നടത്തി. ക്ഷേത്ര പരിസരത്തിന് പുറമെ സമീപത്തെ പറമ്പിലും പൊങ്കാല കലങ്ങൾ നിരന്നു. ഏപ്രിൽ 5ന് നടക്കുന്ന ഗരുഡൻ തൂക്കം,ആറാട്ട് എന്നിവയോടെ മീന കാർത്തിക മഹോത്സവത്തിന് സമാപനം കുറിക്കും. ക്ഷേത്രത്തിൽ പതിവ് പൂജകൾക്ക് പുറമേ ഇന്ന് രാവിലെ 10ന് മുരുകനും ശിവനും പഞ്ചഗവ്യ കലശപൂജയും വിശേഷാൽ പൂജയും, ഉച്ചക്ക് 12ന് ഉച്ചപൂജ, 12.30ന് അന്നദാനം, വൈകുന്നേരം 5.30ന് ഭഗവതിസേവ, കുടുംബ പൂജ, 6.30ന് അലങ്കാര ദീപാരാധന, തോറ്റംപാട്ട്, രാത്രി 8ന് അത്താഴപൂജ, മുളപൂജ, ശ്രീഭൂതബലി, ശീവേലി, മംഗളാരതി, 8ന് ചിറയിൻകീഴ് സപ്തസ്വരയുടെ കരോക്കെ ഗാനമേള എന്നിവ നടക്കും.