muraleedharan

തിരുവനന്തപുരം: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സീഷെൽസിൽ പിടിയിലായ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്താൻ സഹായിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിക്കാൻ അവരെത്തി. വിഴിഞ്ഞം സ്വദേശികളായ തോമസും ജോണിയും കുടുംബാംഗങ്ങളുമാണ് പഴവങ്ങാടി സരസ്വതി വിലാസം പാലസിലെത്തി കേന്ദ്രമന്ത്രി വി. മുരളീധരനെ സന്ദർശിച്ച് നന്ദി അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ അടിയന്തര നടപടികളെ തുടർന്നാണ് വേഗം നാട്ടിലെത്താൻ സാധിച്ചതെന്ന് അവർ പറഞ്ഞു. കൊച്ചിയിൽ നിന്ന് അഞ്ച് ബോട്ടുകളിലായി പുറപ്പെട്ട 61 മത്സ്യത്തൊഴിലാളികൾ കടലിൽ ദിശതെറ്റിയാണ് സീഷെൽസിൽ എത്തിയത്. ഇവരെ സീഷെൽസിലെ കോസ്റ്റ് ഗാർഡ് അറസ്റ്റുചെയ്യുകയായിരുന്നു. 61 പേരിൽ 56 പേരാണ് ഇന്ത്യൻ ഹൈക്കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് തിരിച്ചെത്തിയത്. സീഷെൽസിൽ അറസ്റ്റിലായ അഞ്ചു ബോട്ടിന്റെയും തമിഴ്നാട് സ്വദേശികളായ ക്യാപ്ടന്മാർ ഇപ്പോൾ റിമാൻഡിലാണ്. ഇവരെയും വേഗം തിരിച്ചെത്തിക്കും. അവിടത്തെ നിയമ സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ എന്തുചെയ്യാമെന്ന് അന്വേഷിച്ച് വേണ്ടതു ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് തിരുവല്ലം ഡെന്നീസ്, ജനറൽ സെക്രട്ടറി ഗ്രീനോമാത്യു എന്നിവരോടൊപ്പമാണ് മത്സ്യത്തൊഴിലാളികൾ കേന്ദ്രമന്ത്രിയെ സന്ദർശിച്ചത്.