
തിരുവനന്തപുരം: വേനൽക്കാലത്താണ് കൂടുതൽപേർക്ക് പാമ്പുകടിയേൽക്കുന്നത്. ചൂട് കൂടുമ്പോൾ ഇഴജന്തുക്കൾ മാളങ്ങൾ വിട്ടു പുറത്തുവരുന്നതാണ് കാരണം. പാമ്പുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങൾ പാമ്പ് സംരക്ഷകനും പരിസ്‌ഥിതി പ്രവർത്തകനുമായ വാവ സുരേഷ് നിർദ്ദേശിക്കുന്നു.
1. കാടുപിടിച്ചു കിടക്കുന്ന പരിസരം തീയിടരുത്. പാമ്പുകൾ പുറത്തേക്ക് കടക്കാനിടയാക്കും.
2. വീടിനോട് ചേർന്ന് വിറക് അടുക്കി വയ്ക്കരുത്. പാമ്പുകൾ ഇവയ്‌ക്കുള്ളിലെത്തും. തുറന്നിട്ട ജനാലയിലൂടെ വീട്ടിൽ കയറും.
3. ജനലിന് സമീപം സൈക്കിൾ,ബൈക്ക്, ഏണി, വടി തുടങ്ങിയവ സൂക്ഷിക്കരുത്.
4. പരിസരത്തോ വീടിനോട് ചേർന്നോ തൊണ്ട്,ചിരട്ട, ഇഷ്ടിക തുണ്ടുകൾ, ഓട് തുടങ്ങിയവ കൂട്ടിയിടരുത്.
5, ഷൂസ് അടക്കം കവറിംഗുള്ള ചെരുപ്പുകൾ മുറ്റത്ത് ഇടരുത്. അതിൽ പാമ്പുകൾ കയറിയിരിക്കാം.
6.വാതിൽ തുറന്നിടരുത്. ചുവരിനോട് ചേർന്നാണ് ഇഴജന്തുക്കൾ സഞ്ചരിക്കുന്നത്.
7. വീടിനോട് ചേർന്ന് പടരുന്ന ചെടികൾ ഒഴിവാക്കണം.
8. വീടിന്റെ പരിസരത്തെ മാളങ്ങൾ ഉടൻ അടയ്ക്കണം.
9, പറമ്പ് വൃത്തിയാക്കുക പ്രധാനമാണ്. ആഴ്ചയിൽ ഒരിക്കൽ ഡീസൽ സ്പ്രേ ചെയ്താൽ ആ ഭാഗത്തേക്ക് ഗന്ധം കാരണം പാമ്പുകൾ അടുക്കില്ല.
10. മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്. പാമ്പുകൾ ദാഹം തീർക്കാൻ എത്തിയേക്കും.
11,അടുത്ത പറമ്പിലേക്ക് മാലിന്യം തള്ളരുത്. എലിയെ പിടിക്കാനെത്തുന്ന പാമ്പുകൾ നമ്മുടെ പറമ്പിലേക്കും കടക്കാം.