തിരുവനന്തപുരം: ദൃശ്യവേദിയുടെ പ്രഥമ പദ്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ സ്‌മാരക പുരസ്‌കാരം മാർഗി വിജയകുമാറിന് നൽകി. കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്ന ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. 20,​000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

തന്റെ കഥകളി ജീവിതത്തിന് പ്രോത്സാഹനം നൽകുന്നതിൽ മുന്നിൽ നിന്ന സ്ഥാപനമാണ് ദൃശ്യവേദിയെന്ന് മാർഗി വിജയകുമാർ പറഞ്ഞു. അതുല്യ കഥകളി ആചാര്യന്റെ സ്‌മരണാർത്ഥം നൽകുന്ന ആദ്യത്തെ പുരസ്‌കാരം സ്വീകരിക്കാനായതിൽ കൃതാർത്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ദൃശ്യവേദിയുടെ സ്ഥാപകൻ മടവൂർ ഭാസിയെ അനുസ്മരിച്ച് ഡോ.പി. വേണുഗോപാലൻ നായർ പ്രഭാഷണം നടത്തി. പൊതുയോഗത്തിന് ശേഷം മാർഗി വിജയകുമാർ ദേവയാനിയായി വേഷമിട്ട 'ദേവയാനി സ്വയംവരം' കഥകളി വേദിയിൽ അരങ്ങേറി. ചടങ്ങിൽ എം. രവീന്ദ്രൻ നായർ, ദൃശ്യവേദി സെക്രട്ടറി എസ്. ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.