
വെള്ളറട: പട്ടാപ്പൽ അമ്പൂരി കാന്താരിവിളയിൽ വിമുക്ത ഭടൻ ഷാജി വർഗീസിന്റെ വീടിന്റെ വാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 17 പവന്റെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന പ്രതി പിടിയിലായി. വിളപ്പിൽശാല സിന്ധു നിലയത്തിൽ അരുൺ എന്നുവിളിക്കുന്ന ശ്രീകാന്താണ് (35) പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ഷാജിയും ഭാര്യയും കുട്ടികളെ സ്കൂളിലാക്കാൻ പോയ സമയത്താണ് കവർച്ച നടന്നത്. തുടർന്ന് ഇവർ വെള്ളറട പൊലീസിൽ പരാതി നൽകി. തുടർന്ന് റൂറൽ എസ്.പി ഡോ. ദിവ്യ ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നിരവധി മോഷണക്കേസിൽ ഇയാൾ പ്രതിയാണ്. പിടിയിലായപ്പോൾ ഉയോഗിച്ചിരുന്ന ഇരുചക്ര വാഹനം വഞ്ചിയൂരിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. മോഷണക്കുറ്റത്തിന് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.