മധു വാര്യരും മഞ്ജു വാര്യരും സംവിധായകനും നായികയുമായി ആഹ്ളാദത്തണലിൽ
''ഏട്ടാ, അഭിമാനം തോന്നുന്നു."" ലളിതം സുന്ദരം സിനിമയുടെ പ്രിവ്യു കഴിഞ്ഞിറങ്ങുമ്പോൾ സഹോദരൻ മധു വാര്യരെ കെട്ടിപ്പിടിച്ച് മഞ്ജു വാര്യർ പറഞ്ഞു. ആ ആഹ്ളാദത്തിൽ പങ്കുചേർന്ന് മധു വാര്യർ . അച്ഛൻ മാധവ വാര്യരുടെ ഒാർമ്മത്തണലിൽ അപ്പോൾ അമ്മ ഗിരിജ വാര്യർ . ജീവിതത്തിന്റെ തിരക്കുകളിൽ നഷ്ടപ്പെട്ടു പോകുന്ന ഹൃദയ ബന്ധങ്ങളിലേക്കുള്ള മടക്കയാത്ര പേരു പോലെ 'ലളിതം സുന്ദരം".മുംബൈയിൽ സംരംഭകയായ ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മഞ്ജു വാര്യർ 'ലൗഡ്" ആയി തിളങ്ങി. മധു വാര്യരുടെ ആദ്യ സംവിധാനം സംരംഭം. അനുജത്തി മഞ്ജു വാര്യർ നായികയാകുന്ന മനോഹര കാഴ്ച. പ്രേക്ഷകർക്ക് മുന്നിൽ ലളിതം സുന്ദരം എത്തുന്നതിന് മുൻപേ ആകാംക്ഷ പലവിധം. ലളിതം സുന്ദരം  മികച്ച സ്വീകാര്യത നേടിയതിന്റെ ആഹ്ളാദം മധുവിന്റെയും മഞ്ജുവിന്റെയും മുഖത്ത് പറ്റികിടപ്പുണ്ട്. ഇൗ വിജയത്തിലേക്ക് എത്തുന്നതിന് മുൻപും ശേഷവുമുള്ള മധുവിന്റെയും മഞ്ജുവിന്റെയും കഥകൾ ലളിതമായി വീണു തുടങ്ങി.
പത്തുവർഷത്തെ കാത്തിരിപ്പ്
സംവിധായകനായി മാറിയതിന് പത്തുവർഷത്തെ ദൂരമുണ്ട് . ഇനി സംവിധാനത്തിലേക്ക് തിരിയാമെന്ന തോന്നൽ ഉണ്ടായതിനുശേഷം അഭിനയിച്ചില്ല. സംവിധായകൻ ദീപു കരുണാകരന്റെ രണ്ട് സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചു. സ്വ. ലേ ,മായാമോഹിനി എന്നീ സിനിമകൾ നിർമ്മിച്ചപ്പോൾ മുഴുവൻ സമയം ലൊക്കേഷനിൽ ഉണ്ടായിരുന്നു. സംവിധാനം ചെയ്യാൻ തീരുമാനിച്ച ആദ്യ സിനിമ നടന്നില്ല. ആറുവർഷം മുൻപാണ് ലളിതം സുന്ദരത്തിലേക്ക് എത്തുന്നത്. ഇപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഇത്രയും ദിവസം കഷ്ടപ്പെട്ടതിന് ഫലം ലഭിച്ചു. സിനിമ ഇഷ്ടപ്പെട്ട് ആളുകൾ വിളിക്കുന്നു. കുറെ ആളുകളുടെ ജീവിതത്തിന് നല്ല മാറ്റം സിനിമ നൽകി എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം.
അച്ഛൻ  കൂടി വേണമായിരുന്നു
സംവിധാനം എനിക്ക് ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ മുതൽ അതിൽ കഴിവ് തെളിയിക്കുന്നത് കാണാൻ അച്ഛൻ ആഗ്രഹിച്ചു. ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക അച്ഛനായിരിക്കും. ഹോട്ടൽ മാനേജ്മെന്റാണ് പഠിച്ചത്. സിനിമ ഇഷ്ടമാണെന്ന് അച്ഛന് അറിയാമായിരുന്നു. യു.എസിൽ വാൾട്ട് ഡിസ്നി  കമ്പനിയിൽ ജോലി ചെയ്യുമ്പോൾ അച്ഛൻ തന്നെയാണ് സംവിധായകൻ മോഹൻ സാർ വിളിച്ച വിവരം അറിയിക്കുന്നത്. അതാണ് ദ കാമ്പസ് എന്ന സിനിമ. ഷൂട്ടിംഗ് കഴിഞ്ഞ് ഒന്നരമാസത്തിനുശേഷം മടങ്ങിപ്പോവാൻ തീരുമാനിച്ചു. എന്നാൽ പൂർത്തിയാകാൻ ഒന്നരവർഷം വേണ്ടി വന്നു. പറയാം, വാണ്ടഡ് തുടങ്ങിയ സിനിമകൾ എത്തി. പിന്നെയും സിനിമകൾ വന്നു. യു.എസിന് മടങ്ങി പോയില്ല.സിനിമയുടെ ചുറ്റുവട്ടത്ത് നിലയുറപ്പിച്ചു.
മഞ്ജുവിന്റെ  മുഖംതന്നെ
ലളിതം സുന്ദരത്തിലെ സണ്ണിച്ചനായും ആനിയായും ബിജു ചേട്ടനും മഞ്ജുവും വേണമെന്ന് നിർബന്ധമായിരുന്നു. മഞ്ജുവിന്റെ മുഖമായിരുന്നു ആനിക്ക്.എന്നാൽ സണ്ണിച്ചനെയും ആനിയെയും പോലെയല്ല ഞങ്ങൾ. അവർ  രണ്ടുപേരും പ്രശ്നക്കാരാണ്. ഞങ്ങൾക്കിടയിൽനിന്ന് പറിച്ചുനട്ടതായി ഒന്നുമില്ല. പത്തുവർഷം നീണ്ട ശ്രമമായതിനാൽ പൂർണമായി  മുഴുകാൻ സാധിച്ചു. കഥയും കഥാപാത്രത്തെപ്പറ്റിയും നന്നായി പഠിച്ചു. നല്ല ഒരു ടീം ലഭിച്ചു. അത് എല്ലാം ഗുണം ചെയ്തിട്ടുണ്ട്. ബിജു ചേട്ടനോടാണ് ആദ്യം കഥ പറയുന്നത്. ബിജു ചേട്ടൻ ഒാകെ പറഞ്ഞില്ലായിരുന്നെങ്കിൽ സിനിമ ഉണ്ടാവില്ലായിരുന്നു. ബിജുചേട്ടന്റെയും മഞ്ജുവിന്റെയും മാനറിസങ്ങളും രണ്ടുപേരും സംഭാഷണം പറയുന്ന രീതിയുമെ ല്ലാം  ഏറെ മുൻപേ എന്റെ മനസിൽ കയറികൂടിയതാണ്. ബിജു ചേട്ടനോട് കഥ പറഞ്ഞശേഷമാണ് മഞ്ജുവിനോട് പറയുന്നത്. ലക്ഷ്യം സിനിമയുടെ ലൊക്കേഷനിൽ പോയാണ് കഥ പറയുന്നത്. മോഹൻലാൽ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയാണ് മഞ്ജുവിനോട് കഥ പറയുന്നത്. തിരക്കഥ വായിക്കാൻ കൊടുത്തു. രണ്ടുദിവസം കഴിഞ്ഞ് മഞ്ജു വിളിച്ചു. തിരക്കഥ ഇഷ്ടപ്പെട്ടെന്ന് പറയാനാണ് വിളിച്ചതെന്ന് കരുതി. ഞാൻ നിർമ്മിച്ചോട്ടെ എന്ന് പറഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നി.
രഘുവേട്ടൻ  മുഖം  മറച്ചാൽ ഞങ്ങളുടെ അച്ഛൻ
അധികം പേരും സീനിയർ താരങ്ങൾ. രഘുവേട്ടൻ (രഘുനാഥ് പലേരി) ഒഴികെ എല്ലാവരും അടുത്ത സുഹൃത്തുക്കൾ. ബിജു ചേട്ടനുമായി ഇൗ പുഴയും കടന്ന് മുതലുള്ള ബന്ധമാണ്. അടുത്ത സുഹൃത്തും ജ്യേഷ്ഠ സഹോദരനും. സുധീഷേട്ടനുമായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സൈജുവുമായി ഷട്ടിൽ കളിക്കാറുണ്ട്. ഏറെ ബുദ്ധിമുട്ടിയാണ് രഘുവേട്ടനെ അഭിനയിപ്പിക്കാൻ സമ്മതിപ്പിച്ചത്. പുതുമയുള്ള മുഖം തോന്നുന്ന അച്ഛൻ വേണമെന്ന് ആഗ്രഹിച്ചു. രഘുവേട്ടന്റെ കഥാപാത്രം ഞങ്ങളുടെ അച്ഛൻത്തന്നെയാണ്. അച്ഛന്റെ എല്ലാ മാനറിസങ്ങളും ഉള്ള കഥാപാത്രം. രഘുവേട്ടൻ മേക്കപ്പ് ഇട്ടുവന്നപ്പോൾ തന്നെ ഞങ്ങൾ രണ്ടുപേരും അത് തിരിച്ചറിഞ്ഞു. അച്ഛന്റെ അതേ ശരീരഭാഷ. മെറൂൺ ഷർട്ടും ക്രീം പാന്റ്സുമാണ് അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട വേഷം.രഘുവേട്ടൻ മുഖം മറച്ചാൽ ഞങ്ങളുടെ അച്ഛൻ തന്നെ. ക്ളൈമാക്സ് സീനിൽ മെറൂൺ ഷർട്ടും ക്രീം പാന്റ്സും രഘുവേട്ടന് കൊടുത്തു.രഘുവേട്ടൻ ഇട്ടു വരുന്നതു കണ്ടപ്പോൾമഞ്ജുവും ഞാനും അറിയാതെ മുഖാമുഖം നോക്കി.അടുത്ത സിനിമയുടെ കഥ മനസിൽ കയറിയിട്ടുണ്ട്.  അതിൽ മഞ്ജു ഉണ്ടാവാൻ സാദ്ധ്യതയില്ല.
ലളിതം സുന്ദരത്തിലെ സണ്ണിച്ചനെയും ആനിയെയും പോലെ  ആവാതെ അപ്പോൾ ആഹ്ളാദത്തിൽ മധുവും  മഞ്ജുവും.
PAN ACTOR
പാൻ ഇന്ത്യൻ താര തിളക്കത്തിൽ മഞ്ജു വാര്യർ.ആദ്യ മലയാള- അറബിക് ചിത്രമായ ആയിഷയിലൂടെയാണ് മഞ്ജു വാര്യർ പാൻ ഇന്ത്യൻ അഭിനേത്രി എന്ന അംഗീകാരം നേടുന്നത്. മലയാളത്തിനും അറബിക്കും പുറമേ ഇംഗ്ളീഷിലും ഏതാനും ഇതര ഭാഷകളിലും ആയിഷ എത്തുന്നുണ്ട്. ആയിഷയായി എത്തി മഞ്ജു വാര്യർ അറബി സംസാരിക്കും .
ACTION STAR
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജിൽ സിനിമയിൽ മഞ്ജു വാര്യർ ആക്ഷൻ രംഗത്ത് പ്രത്യക്ഷപ്പെടുന്നു.സിനിമയുടെ ഹൈലൈറ്റാണ് മഞ്ജുവിന്റെ ആക്ഷൻ സീൻ.ഇതേ വരെ കാണാത്ത രൂപഭാവത്തിൽ കഥാപാത്രം. മഞ്ജു പാടി നൃത്തം വച്ച കിം കിം കിം എന്ന പാട്ട് കടൽ കടന്നു പോയി.
BOLLY STAR
ബോളിവുഡിൽ മാധവനൊപ്പം അരങ്ങേറ്റം കുറിച്ച അമേരിക്കി പണ്ഡിറ്റ് പ്രേക്ഷകർക്ക് മുന്നിലേക്ക് വരാൻ പോവുന്നു.നവാഗതനായ കൽപേഷാണ് സംവിധാനം.കഥാപാത്രം എന്തെന്ന് തത്കാലം സസ്പെൻസ്.ബോളിവുഡും കോളിവുഡും ടോളിവുഡും എല്ലാം അമേരിക്കൻ പണ്ഡിറ്റിനെ ശ്രദ്ധിക്കുന്നുണ്ട്.
NEW WAY
ജയസൂര്യയോടൊപ്പം ആദ്യമായി അഭിനയിക്കുന്ന മേരീ ആവാസ് സുനോയിൽ ഡോ. രശ്മി, വെള്ളരിക്കാപ്പട്ടണത്തിൽ കെ. പി. സുനന്ദ . സനൽകുമാർ ശശിധരന്റെ കയറ്റം സിനിമയിൽ നായികയും നിർമ്മാതാവും.നിവിൻ പോളിയുടെ പടവെട്ടിൽ അതിഥി വേഷം.