electricity

തിരുവനന്തപുരം: അഞ്ചുവർഷത്തേക്ക് വൈദ്യുതിനിരക്ക് കൂട്ടുന്നതിന് അനുമതി നൽകാനുള്ള വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നീക്കം വ്യവസായവളർച്ചയ്ക്ക് തിരിച്ചടിയാകുമെന്ന് വ്യവസായശാലകളിലെ ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയായ സ്റ്റാൻഡിംഗ് കമ്മിറ്റി ഒഫ് ട്രേഡ് യൂണിയൻസ് യോഗം കുറ്റപ്പെടുത്തി.

നിരക്ക് വർദ്ധന നീക്കത്തിനെതിരെ അതത് ജില്ലകളിലെ റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ ശക്തമായ വിയോജിപ്പ് അറിയിക്കാൻ ട്രേഡ് യൂണിയനുകൾ തീരുമാനിച്ചു. കൂടാതെ ഏപ്രിൽമാസം റഗുലേറ്ററി കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധമാർച്ച് നടത്തും. പ്രോഡക്ടിവിറ്റി കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ കെ.എൻ. ഗോപിനാഥ് (സി.ഐ.ടി.യു), വി.പി. ജോർജ്ജ് (ഐ.എൻ.ടി.യു.സി), അഡ്വ. മുജീബ് റഹ്‌മാൻ (സി.ഐ.ടി.യു), പി.കെ.സത്യൻ (ബി.എം.എസ്), എം.എം. ജബ്ബാർ (സി.ഐ.ടി.യു), സജി പൗലോസ് (എ.ഐ.ടി.യു.സി) തുടങ്ങിയവർ പങ്കെടുത്തു.

അതിഭീമമായ വേരിയബിൾ കോസ്റ്റും ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് കോസ്റ്റുമാണ് ബോർഡിനെ പ്രതിസന്ധിയിലാക്കുന്നത്. വൻകിട ഉപഭോക്താക്കൾ ഓപ്പൺ ആക്സസിലേക്ക് തിരിഞ്ഞത് മാനേജ്‌മെന്റിന്റെ കാഴ്ചപ്പാടില്ലായ്മയുടെ ഫലമാണ്. താരിഫ് ക്രമീകരണം നടപ്പിലാക്കി കൂടെ നിറുത്തുന്നതിന് പകരം വ്യവസായങ്ങളെ ആട്ടിയോടിക്കുന്ന പരിഷ്‌കരണത്തിന് കമ്മിഷൻ അനുവാദം നൽകരുത്. ടൈം ഒഫ് ഡേ സമ്പ്രദായം പ്രയോജനമില്ലാതാക്കാനുള്ള നിർദ്ദേശങ്ങൾ ദുരുദ്ദേശ്യപരമാണ്. 66, 110, 220 കെ.വി എന്നിവയ്ക്ക് ഒരേ നിരക്കീടാക്കാനുള്ള നിർദ്ദേശവും വ്യവസായ വികസനത്തിന് തിരിച്ചടിയാകും.

സ്‌പെഷ്യൽ ഇക്കണോമിക് സോണിലെ വ്യവസായശാലകൾക്കുൾപ്പെടെ വരുന്നഅധിക ബാദ്ധ്യത സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കാനിടയാക്കുമെന്ന് യൂണിയനുകൾ ആശങ്കപ്രകടിപ്പിച്ചു.

കമ്പനികൾക്കുണ്ടാവുന്ന അധികബാദ്ധ്യത (തുക കോടിയിൽ)

ടി.സി.സി- 21
എഫ്.എ.സി.റ്റി- 16കോടി

കാർബോറാണ്ടം യൂണിവേഴ്സൽ- 14

കെ.എം.എം.എൽ- 12

ടി.ടി.പി-10

അപ്പോളോ കളമശ്ശേരി, പേരാമ്പ്ര- 9

ഹിനാൽകോ- 6

എം.ആർ.എഫ്- 5

ടെക്‌നോപാർക്ക്- 5

കൊച്ചി കപ്പൽശാല- 4
എച്ച്.ഒ.സി - 4
സെന്റ് കോബിയൻ പാലക്കാട്- 4

ജി.ടി.എൻ- 3
പ്രീക്കോട്ട്- 3

സി.എം.ആർ.എൽ- 3

സി.ഐ.ഐ ഗാർഡിയൻ - 1