
മലയിൻകീഴ്: സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷയിൽ 104 വയസായുള്ള വിളപ്പിൽശാല ചൊവ്വള്ളൂർ ജീജു ഭവനിൽ ജെയിംസിന് 150 മാർക്കിൽ 150 തും ലഭിച്ചു. ഇക്കഴിഞ്ഞ 27ന് സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ പഠ്ന ലിഖ്ന അഭിയാൻ പദ്ധതി പ്രകാരം 11 പേരാണ് പരീക്ഷ എഴുതിയത്. അവരിൽ കൂടുതൽ പ്രായമുള്ളത് ജെയിംസിനായിരുന്നു. കണ്ണട വയ്ക്കാതെയാണ് ജെയിംസ് ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയും ശരിയാടയാളമിട്ടും, മൂന്ന് മണിക്കൂർ ദൗർഘ്യമുള്ള പരീക്ഷ എഴുതിയത്.വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂർ വാർഡിലെ സൂസി,കുമാരി ഹെപ്സിയറ്റ് മണി എന്നിവരായിരുന്നു പ്രേരക്മാർ. ജെയിംസിന്റെ ഭാര്യ 2018 ൽ മരണപ്പെട്ടിരുന്നു. നാല് മക്കളും അവരുടെ മക്കളും ചെറുമക്കളുമായി 16 പേരുണ്ട്. ഈ പ്രായത്തിലും പഠനത്തിന് പ്രാധാന്യം നൽകാൻ മനസ് കാട്ടിയ ജെയിംസ് മറ്റുള്ളവർക്കും മാതൃകയാണെന്നും അദ്ദേഹത്തെ വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഉപഹാരം നൽകി അനുമോദിക്കുമെന്നും വാർഡ് അംഗം ചന്ദ്രബാബു പറഞ്ഞു.