പാലോട്: കടുത്ത വേനലിനെ തുടർന്ന് ഗ്രാമീണ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. തോടുകളും ആറുകളും വറ്റിത്തുടങ്ങിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലയിലും കോളനികളിലും വെള്ളം കിട്ടാക്കനിയായിട്ടുണ്ട്. വേനൽ കടുത്തതോടെ മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിത്തുടങ്ങി. കുടിവെള്ള പൈപ്പിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ജലവിതരണം നിശ്ചലമാണ്. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇപ്പോഴും തുടരുന്നതിനാൽ ജലവിതരണം ഉടനെയൊന്നും കാണാൻ സാദ്ധ്യതയില്ല. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് ഇപ്പോൾ കുടിവെള്ളത്തിനായി വലയുന്നത്. രാവിലെ മുതൽ കാത്തിരുന്നാൽ ഒരല്പം കുടിവെള്ളം കിട്ടിയാലായി. മിക്ക ദിവസങ്ങളിലും പൈപ്പുകളിൽ വെള്ളമുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. 2009 ൽ 60 കോടി നിർമ്മാണ ചെലവിൽ ആരംഭിച്ച നന്ദിയോട് ആനാട് സമഗ്ര കുടിവെള്ള പദ്ധതി 2022 ആയിട്ടും ഒന്നുമാകാത്ത കാഴ്ചയാണ് നിലവിലുള്ളത്. രണ്ടു പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ്. നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം 2021ൽ പരിഹരിക്കും എന്ന് ഉറപ്പു നൽകിയെങ്കിലും ഒന്നും നടന്നില്ല എന്നു മാത്രമല്ല ഉണ്ടായിരുന്ന പൈപ്പുകൾ കൂടി നശിച്ച നിലയിലുമാണ്.
കുടിവെള്ളം മലിനം
പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടി വാമനപുരം നദിയിലെ കുടിവെള്ള പദ്ധതി പ്രദേശങ്ങൾ മലിനമായി മാറി. കുടിവെള്ള പദ്ധതി പ്രദേശങ്ങളായ പാലോട്, ചെറ്റച്ചൽ, താവയ്ക്കൽ, കുണ്ടാളം കുഴി എന്നിവിടങ്ങളിലേക്ക് ജലം എത്തിക്കുന്ന വാമനപുരം നദിയാണ് നിലവിൽ മാലിന്യവാഹി. ഈ നദിയിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ഉപഭോക്താക്കൾക്ക് കുടിവെള്ളമായി ലഭിക്കുന്നത്. ഈ ജലത്തിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ടാണ് കുടിവെള്ളമായി നൽകുന്നത്. ജലത്തിന്റെ രാസപരിശോധന നടന്നിട്ട് മാസങ്ങളായി. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
പാലോട് ആറ്റുകടവിൽ നിന്നും ശേഖരിക്കുന്ന വെള്ളം നന്ദിയോട് പഞ്ചായത്തിന് സമീപത്തെ കുടിവെള്ള ടാങ്കിൽ എത്തിച്ച് അവിടെ നിന്നാണ് വിവിധ ഭാഗങ്ങളിലേക്കുള്ള പൈപ്പുകളിലൂടെ ജനങ്ങൾക്ക് എത്തുന്നത്.
ആശ്രയം പൈപ്പ് വെള്ളം
ഗ്രാമീണ മേഖലയിലെ മിക്കസ്ഥലങ്ങളിലും വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകളിലൂടെ ലഭിക്കുന്ന കുടിവെള്ളമാണ് ഏക ആശ്രയം. പാറ നിറഞ്ഞ പ്രദേശമായതിനാൽ ഇവിടങ്ങളിൽ കിണർ വെള്ളം ലഭിക്കില്ല. ഈ പ്രദേശങ്ങളിലെ ജനങ്ങൾ കിലോമീറ്ററുകൾ കാൽനടയായി നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഈ പ്രദേശവാസികൾക്ക് അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ളം ലഭ്യമാക്കാൻ നടപടിയെടുക്കണം.