
കരിക്കുലം, കോർ കമ്മിറ്റികളുടെ ആദ്യ യോഗം ഉടൻ
തിരുവനന്തപുരം: 2013നു ശേഷം ഇതാദ്യമായി സ്കൂളുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്
രൂപീകരിച്ച കരിക്കുലം, കോർ സ്റ്റിയറിംഗ് കോർ കമ്മിറ്റികളുടെ ആദ്യ ഒത്തു ചേരൽ അടുത്തയാഴ്ചയോടെ നടക്കും. ദേശീയ ശില്പശാലയും ഇതിനോടനുബന്ധിച്ച് നടത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.
ഓരോ വിഷയത്തിനും ചെയർമാൻ, കൺവീനറടക്കം പന്ത്രണ്ടോളം പേരടങ്ങുന്ന ഇരുപത്തിയഞ്ചോളം സബ്ജക്ട് ഗ്രൂപ്പുകളാണുള്ളത്. കഴിഞ്ഞ പാഠ്യപദ്ധതി പരിഷ്കരണത്തിലെ സാമൂഹ്യാജ്ഞാ നിർമ്മിതി വാദത്തിന്റെ തുടർച്ചയായാകും പുതിയ പരിഷ്കരണവും. വിമർശനാത്മക ബോധത്തിലൂന്നിയ വിഷയങ്ങളും വന്നേക്കാം. വളരെ വേഗത്തിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ, സംസ്ഥാനത്തെ സമീപ കാല അനുഭവങ്ങൾ, യുദ്ധത്തിന്റെ കെടുതികൾ തുടങ്ങിയവയും പരിഗണനാ വിഷയങ്ങളാകും പ്രീ സ്‌കൂൾ , സ്‌കൂൾ , അദ്ധ്യാപകർ, മുതിർന്നവർ എന്നീ മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. സബ്ജക്ട് ഗ്രൂപ്പുകളിൽ ദേശീയ തലത്തിൽ ശ്രദ്ധേയരായ വ്യക്തികളും അദ്ധ്യാപകരുമുണ്ടാവും.
കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ വിഭ്യാഭ്യാസ മന്ത്രിയാണ്. അടൂർ ഗോപാലകൃഷ്ണൻ, മട്ടന്നൂർ ശങ്കരൻ കുട്ടി, പ്രൊഫ. എം.എ ഖാദർ, കെ. സച്ചിദാനന്ദൻ, ഡോ. ബി. ഇക്ബാൽ തുടങ്ങി 71 പേരാണ് കമ്മിറ്റിയിലുള്ളത്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് കരിക്കുലം കോർ കമ്മിറ്റി ചെയർപേഴ്സൺ. മുൻ ഹയർ സെക്കൻഡറി ഡയറക്ടർ പ്രൊഫ. സി.പി ചിത്ര വൈസ് ചെയർപേഴ്സണായ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ആസൂത്രണ ബോർഡ് അംഗം പ്രൊഫ. മിനി സുകുമാർ, സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി ഡോ. ഷിജു ഖാൻ തുടങ്ങി 32 അംഗങ്ങളാണുള്ളത്.