
മണ്ണാർക്കാട്: ആനമൂളിയിലെ ആദിവാസി യുവാവ് വനത്തിനുള്ളിൽ കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്. കൊലക്കു കാരണം മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമെന്ന് പൊലീസ് പറഞ്ഞു. തെങ്കര ആനമൂളി പാലവളവ് ഉരുളൻകുന്ന് ആദിവാസി കോളനിയിലെ കക്കിയുടെ മകൻ ബാലനാണ്(37) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കഴുത്തിന് പുറകിൽ വെട്ടേറ്റ ബാലൻ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.സംഭവത്തിൽ ബാലന്റെ സുഹൃത്ത് കൈതച്ചിറ കൊമ്പംക്കുണ്ട് ആദിവാസി കോളനിയിലെ ചന്ദ്രൻ എന്ന ഭാസിയെ (40)മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച ഭാസിയും ബാലനും കാഞ്ഞിരത്തെത്തി മദ്യം വാങ്ങി കാട്ടിലേക്ക് പോയി. വെള്ളിയാഴ്ച്ച രാത്രി മദ്യാസക്തിയിലായിരിക്കെ ഇരുവരും വഴക്കായി. ഇതിനിടെ കൈയ്യിലുണ്ടായിരുന്ന വാളുപയോഗിച്ച് ഭാസി ബാലനെ വെട്ടി. കഴുത്തിന് പിന്നിൽ ആഴത്തിൽ മുറിവേറ്റ ബാലൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് ഭാസി കോളനിയിലേക്ക് പോയി. ശനിയാഴ്ച്ച വൈകുന്നേരമാണ് ബാലൻ മരിച്ച സംഭവം പുറംലോകമറിയുന്നത്. നാട്ടുക്കാരാണ് ആനമൂളി പുഴയിൽ ബാലൻ മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംശയം തോന്നിയ പൊലീസ് ഭാസിയെ പിടികൂടി ചോദ്യം ചെയ്പ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാന്റ് ചെയ്തു. കല്ലടിക്കോട് സി.ഐ ടി.ശശികുമാർ, മണ്ണാർക്കാട് എസ്.ഐ കെ.ആർ.ജസ്റ്റിൻ, സുരേഷ് ബാബു, കമറുദ്ദീൻ, ദാമോദരൻ, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കൈതച്ചിറയിൽ നിന്നും പിടികൂടിയത്. ബാലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.