
 റോഡിൽ കസേര നിരത്തിയതിനെച്ചൊല്ലി തർക്കം
കാട്ടാക്കട: പണിമുടക്കിനിടെ കാട്ടാക്കടയിൽ റോഡിൽ കസേര നിരത്തിയതിനെച്ചൊല്ലി സംയുക്ത സമരസമിതിയും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കേറ്റം. ഇന്നലെ രാവിലെ 8.30ഓടെ സമരാനുകൂലികൾ കാട്ടാക്കട ബസ് സ്റ്റാൻഡിന് മുന്നിലെ സമരവേദിയിൽ എം.എൽ.എമാരെയും വിവിധ ട്രേഡ് യൂണിയന്റെ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് യോഗം നിശ്ചയിച്ചിരുന്നു.
എന്നാൽ പ്രവർത്തകർ കസേരകൾ റോഡിന് കുറുകെ നിരത്തിയശേഷം സ്‌കൂട്ടർ ഉൾപ്പടെ സ്വകാര്യ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. അവശ്യ സർവീസുകൾക്കായി കസേര മാറ്റി വഴി നൽകിയ ശേഷം വീണ്ടും വഴിയടച്ചു. ഈ സമയം അതുവഴി കടന്നുപോയ ബി.ജെ.പി പ്രവർത്തകരെ സമരാനുകൂലികൾ കടത്തിവിട്ടില്ല. സമരത്തോട് എതിർപ്പില്ലെന്നും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും ബി.ജെ.പിക്കാർ പറഞ്ഞു.
വാക്കേറ്റവും വെല്ലുവിളിയും നടന്നതിന് പിന്നാലെ ബി.ജെ.പി നേതാവ് സന്തോഷിനെ തടഞ്ഞുവച്ചശേഷം സമരാനുകൂലികൾ ഇയാളുടെ വാഹനം ഓഫാക്കി. കൂടുതൽ ബി.ജെ.പി പ്രവർത്തകരെത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി.
ഇരുഭാഗത്തെയും മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ വഴിയൊരുക്കിയത്. സംഭവത്തെ തുടർന്ന് കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.