തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ ആദ്യ ദിനത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രകടനവും ധർണയും നടത്തി. ഞായറാഴ്ച രാത്രി 12ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി പരിസരത്ത് തൊഴിലാളികൾ നടത്തിയ പ്രകടനത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ, ഓട്ടോ ഡ്രൈവ‌ർമാർ, ചുമട്ടുതൊഴിലാളികൾ എന്നിവർ പങ്കെടുത്തു. കെ.പി.രാജേന്ദ്രൻ, കെ.എൻ.ഗോപിനാഥ്, കെ.എസ്.സുനിൽകുമാർ, കവടിയാർ ധർമൻ എന്നിവർ നേതൃത്വം നൽകി.
ജില്ലയിലെ 42 സമരകേന്ദ്രങ്ങളിൽ പ്രസംഗങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പുളിമൂട്ടിൽ നിന്നും ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ട്രിവാൻഡ്രം ഹോട്ടൽ റോഡിൽ നിന്നും എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സ്റ്റാച്യൂവിൽ നിന്നും തൊഴിലാളികൾ പ്രകടനം നടത്തി. പാളയത്ത് നടന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്‌തു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സോണിയ ജോർജ്ജ്, വി.ജെ.ജോസഫ്, കെ.എൻ.ഗോപിനാഥ്, കെ.എസ്.സുനിൽകുമാർ, മാഹീൻ അബൂബക്കർ, കവടിയാർ ധർമൻ, വി.കെ.സദാനന്ദൻ, ആർ.രാമു, എസ്.പുഷ്പലത, ക്ലൈനസ് റൊസാരിയോ തുടങ്ങിയവർ പങ്കെടുത്തു. സി. ജയൻബാബു സ്വാഗതവും വി.ആർ.പ്രതാപൻ നന്ദിയും പറഞ്ഞു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, കടകംപള്ളി സരേന്ദ്രൻ എം.എൽ.എ, പന്ന്യൻ രവീന്ദ്രൻ, എം.വിജയകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയ നേതാക്കൾ ഐക്യദാർഢ്യവുമായി സമരകേന്ദ്രത്തിലെത്തി. വൈകിട്ട് നടന്ന സമര സർഗോത്സവം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്‌തു.

ഇന്ന് വൈകിട്ട് അഞ്ചിന് സമരകേന്ദ്രത്തിൽ നിന്ന് ജി.പി.ഒയിലേക്ക് പ്രകടനമാരംഭിക്കും. സമാപന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.