പോത്തൻകോട്: പൊതുപണിമുടക്കിൽ മംഗലപുരത്ത് തുറന്നുപ്രവർത്തിച്ച പെട്രോൾ പമ്പിന്റെ ഓഫീസ് സമരാനുകൂലികൾ അടിച്ചുതകർത്തു. ഇന്ത്യൻ ഓയിൽ കോർപ്പേറേഷന്റെ ആനന്ദം ഫ്യുവൽസിലായിരുന്നു അക്രമം. ഇന്നലെ ഉച്ചയോടെയിരുന്നു സംഭവം.

പണിമുടക്കിനെ തുടർന്ന് രാവിലെ മുതൽ പമ്പ് അടച്ചിട്ടിരിക്കുകയായിരുന്നു. രാവിലെ 11ഓടെ വഴിയിൽവച്ച് പെട്രോൾ തീർന്നതിനെ തുടർന്ന് വാഹനങ്ങളുമായി ചിലർ പമ്പിന് മുന്നിൽ കാത്തുനിന്നു. ഉച്ചയോടെ ജീവനക്കാരെത്തി ഇവർക്ക് പെട്രോൾ നൽകുന്നതിനിടെ സമരാനുകൂലികൾ പമ്പ് അടപ്പിക്കുകയായിരുന്നു.

പിന്നീട് സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐക്കാരുടെ നിർദ്ദേശപ്രകാരം പമ്പ് തുറന്നപ്പോഴാണ് വീണ്ടും സമരാനുകൂലികളെത്തി അക്രമം നടത്തിയത്. ഇവർ ഓഫീസിന്റെ ചില്ലുകളും മറ്റും എറിഞ്ഞുതകർത്തു. മംഗലപുരം പൊലീസ് സ്ഥലത്തെത്തിയെങ്കിലും പമ്പുടമ പരാതി നൽകാത്തതിനാൽ ഇതുവരെ കേസെടുത്തിട്ടില്ല.