
തിരുവനന്തപുരം : കരമന സ്വദേശികളായ യുവാക്കളെ അഞ്ചംഗസംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചകേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ പൊലീസ് പിടികൂടി.കരമന മുക്കുംതലവിളാകം വീട്ടിൽ മുഹമ്മദ് ഖായിസിനെയാണ് (21) കരമന പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് പ്രതികളായ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഫെബ്രുവരി 12നാണ് കരമന സ്വദേശികളായ യുവാക്കളെ പ്രതിയുടെ നേതൃത്വത്തിലുളള അഞ്ചംഗസംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഈ കേസിലെ നാല് പ്രതികളെ പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരമന എസ്.എച്ച്.ഒ അനീഷ്.ബി, എസ്.ഐ മിഥുൻ,എസ്.സി.പി.ഒ അഭിലാഷ്,സി.പി.ഒ വിനോജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കരമന, പൂജപ്പുര പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.