
പാറശാല: കഴിഞ്ഞ 47 ദിവസമായി നിറുത്തി വച്ചിരുന്ന പാറശാല ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പരിചരണങ്ങൾ വീണ്ടും ആരംഭിച്ചു. പാലിയേറ്റീവ് കെയർ പ്രവർത്തങ്ങൾക്കായി വാഹനം എത്തുന്നില്ലെന്ന കാരണം പറഞ്ഞാണ് പരശുവയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന പ്രവർത്തനങ്ങൾ നിറുത്തി വച്ചത്. പഞ്ചായത്തിന് ലഭിച്ച രണ്ട് ആംബുലൻസുകൾക്കും ഡ്രൈവർമാരെ നിയമിക്കാതെ വന്നതോടെയാണ് 23 വാർഡുകളിലായുള്ള പാവപ്പെട്ട കിട രോഗികളുടെ പരിചരണങ്ങൾ മുടങ്ങിയത്. ഇതിനെതിരെ കഴിഞ്ഞ ദിവസം കേരള കൗമുദി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നാണ് സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതിയ ആംബുലൻസ് പുറത്തിറക്കാനും രോഗീ പരിചരണ പ്രവർത്തങ്ങൾക്കായി നിയോഗിച്ചതും. പരശുവയ്ക്കൽ പി.എച്ച്.സി.യിലെ മെഡിക്കൾ ഓഫീസർ ഡോ.ബി.ലിജിമോളുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മുതൽ രോഗികളെ പരിചരിക്കുന്നതിനായി വീടുകളിലെത്തി.