
തിരുവനന്തപുരം: ബോൾഡായി ജീവിച്ച് താൻ തളർന്നെന്ന് നടി പാർവതി തിരുവോത്ത് പറഞ്ഞു. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചരത്ന വിമെൻ ടോക്കിൽ സംസാരിക്കുകയായിരുന്നു പാർവതി. സ്ത്രീയായാലും പുരുഷനായാലും ഉള്ളിലെ മനുഷ്യത്വം ഉണർത്തിയാൽ മാത്രമേ മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കാൻ കഴിയുകയുള്ളൂ. ഏതു മനുഷ്യനായാലും അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ,ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ അനുവദിക്കണം. തല മറയ്ക്കുന്നത് അവരുടെ അവകാശമാണ്. അവരുടെ ജീവിതത്തെ ബാധിക്കാത്തിടത്തോളം കാലം നമ്മൾ നിർബന്ധപൂർവം അതു മാറ്റാൻ പാടില്ല. വേറൊരാൾ അത് ചെയ്യരുത്, ഇത് ചെയ്യരുതെന്നും പറഞ്ഞ് ഒരു സർക്കാരും വിശ്വാസത്തെ നിയന്ത്രിക്കാൻ പാടില്ല. എന്റെ വീട്ടിൽ വളരെയേറെ സ്വാതന്ത്ര്യത്തോടെ ജീവിച്ച വ്യക്തിയാണ് ഞാൻ. കുടുംബം, മാതാപിതാക്കൾ, എല്ലാം എന്നിലെ എന്നെ രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നും പാർവതി പറഞ്ഞു.
അടുത്തിടെ സംവിധായകൻ ഉപദ്രവിച്ച പെൺകുട്ടിയോട് ഡോക്ടർമാർ വിവരങ്ങൾ ചോദിച്ചറിയുന്നതുപോലും വല്ലാത്ത രീതിയിലാണ്. ട്രോമ അനുഭവിച്ച സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയാണെന്ന് ഡോക്ടർമാർക്ക് പോലും അറിയില്ല. പരിശോധനയും ചോദ്യം ചെയ്യലും സഹിക്കാൻ വയ്യാതെ ആ പെൺകുട്ടി എന്റെയടുത്ത് വന്നിരുന്നു. ട്രോമാകെയറിംഗ് എങ്ങനെയാണെന്ന് ഇവർക്കാെക്കെ പരിശീലനം നൽകേണ്ടിയിരിക്കുന്നു. തൊഴിലിടങ്ങളിൽ പ്രശ്‌നങ്ങളുണ്ടായാൽ പരിഹരിക്കാനും പരാതിപ്പെടാനുമായി ഇന്റേണൽ പരാതി പരിഹാര സംവിധാനം ഉണ്ടെന്നുപോലും പലർക്കും അറിയില്ലെന്നും പാർവതി പറഞ്ഞു. ടോക്ക് ഷോയ്ക്കുശേഷം ജാനകി രംഗരാജൻ അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി.