നെയ്യാറ്റിൻകര: പണിമുടക്കിനിടെ തുറന്ന് പ്രവർത്തിച്ച പെട്രോൾ പമ്പ് അടപ്പിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പമ്പ് ജീവനക്കാരെ ഉപദ്രവിച്ചതായി പരാതി. നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷനിലെ പമ്പിൽ ഇന്നലെ പണിമുടക്കിനോടനുബന്ധിച്ചായിരുന്നു സംഘർഷമുണ്ടായത്. പമ്പിൽ ആൾക്കാർ വാഹനത്തിൽ പെട്രോൾ നിറച്ചുകൊണ്ട് നിൽക്കെയാണ് സി.പി.എം ഗ്രാമം ബ്രാഞ്ച് സെക്രട്ടറി കരിനട സ്വദേശി കൈലാസെത്തി (34) പമ്പ് അടയ്ക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടത്. തുടർന്ന് ജീവനക്കാരും വാഹന ഉടമകളും ഇയാളും തമ്മിൽ സംഘർഷമുണ്ടായി. സംഘർത്തിൽ പരിക്കേറ്റ കൈലാസ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പമ്പ് ജീവനക്കാ‌ർ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി. പമ്പ് ജീവനക്കാർക്കെതിരെ കൈലാസും പൊലീസിൽ പരാതി നൽകി.