photo

സിൽവർലൈൻ അതിവേഗ റെയിൽ അഭിമാന പദ്ധതിയാണെന്നും ഇതുപോലുള്ള പദ്ധതികൾ തടയാൻ കോടതികൾക്ക് കഴിയില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടത് പലരുടെയും കണ്ണ് തുറപ്പിക്കാൻ ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം. സാമൂഹികാഘാത പഠനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, ബി.വി. നാഗരത്‌ന എന്നിവരുൾപ്പെട്ട ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതേദിവസം തന്നെ ഹൈക്കോടതിയും,​ പദ്ധതിക്ക് എതിരല്ലെന്നും പ്രത്യേക രീതിയിൽ അതു നടപ്പാക്കുന്നതിലാണ് ആശങ്കയെന്നും വ്യക്തമാക്കി. ഇതിൽനിന്ന് കെ- റെയിൽ പദ്ധതി നിയമവിരുദ്ധമല്ലെന്നും അതു നടപ്പാക്കാൻ നീതിപീഠങ്ങൾ എതിരല്ലെന്നും സുവ്യക്തമായി തെളിഞ്ഞിരിക്കുകയാണ്. നമ്മുടേത് ജനാധിപത്യ സമ്പ്രദായം അംഗീകരിച്ച് അതനുസരിച്ച് മുന്നോട്ട് പോകുന്ന നാടാണ്. ഭൂരിപക്ഷം ജനങ്ങൾ അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിൽ നമ്മൾ സ്വീകരിക്കുന്നത്. അതിന്റെ അർത്ഥം എല്ലാവരും ഒരു പദ്ധതിയെ അംഗീകരിക്കണമെന്നല്ല. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ഒരു പദ്ധതിയെ എതിർക്കാനും അനുകൂലിക്കാനും ഏതൊരു വ്യക്തിക്കും അവകാശമുണ്ട്. പക്ഷേ ഭൂരിപക്ഷം പേരും അംഗീകരിച്ചാൽ അതാവും നടപ്പാവുക. കൊവിഡ് കാലത്ത് വാക്‌സിൻ നൽകുന്നതിനെയും ചിലർ എതിർത്തിരുന്നു. കോടതികളെ പോലും ചിലർ സമീപിച്ചു. വാക്‌സിൻ സ്വീകരിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന പ്രചാരണവും നടന്നിരുന്നു. പക്ഷേ രാജ്യത്ത് ഏതാണ്ട് മുഴുവൻ ജനങ്ങളും വാക്‌സിൻ സ്വീകരിക്കുകയാണ് ഉണ്ടായത്. ഒരു പദ്ധതിയായാലും പരിപാടിയായാലും തുടങ്ങുന്നതിന് മുമ്പ് പറഞ്ഞുകേൾക്കുന്ന എല്ലാ പ്രചാരണങ്ങളും ശരിയായിരിക്കണമെന്നില്ല. ആധാർ കാർഡ് ഏർപ്പെടുത്തിയപ്പോൾ അതിനും വലിയ എതിർപ്പുകളുണ്ടായി. കിടപ്പാടവും വീടും നഷ്ടപ്പെടുന്നവരിൽ ഒരു വിഭാഗം പദ്ധതിയെ എതിർക്കുക സ്വാഭാവികമാണ്. എത്രപേർ നഷ്ടപരിഹാരം സ്വീകരിച്ച് ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാണ് എന്നതിന്റെ വിവരം വെളിപ്പെടുത്തുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടിയിരുന്നത്. കല്ലുകൾ ഇടാൻ അറിയാവുന്ന സർക്കാരിന് ഏതൊക്കെ സ്ഥലമാണ് ഏറ്റെടുക്കേണ്ടതെന്നും അറിയാം. ഇതിൽ ഭൂരിപക്ഷം പേരും അനുകൂലിക്കുന്നെങ്കിൽ പദ്ധതി നടപ്പാക്കുക തന്നെ വേണം. എതിർക്കുന്നവരുടെ ഭൂമിയിൽ ഉടനെ നിർബന്ധിച്ച് കല്ലിടണമെന്ന പിടിവാശിയും സർക്കാർ ഉപേക്ഷിക്കണം. ഇതിനുള്ള അവധാനതയാണ് സർക്കാർ കാണിക്കേണ്ടത്. ഇത് ഉദ്യോഗസ്ഥന്മാരെ ഏല്പിച്ചാൽ മാത്രം നടപ്പാവുന്നതല്ല. ഭൂമി നഷ്ടപ്പെടുന്നവരിൽ ഭൂരിപക്ഷവും അനുകൂലിക്കുന്നതായി പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തിയാൽ എതിർക്കുന്നവരും ഒടുവിൽ അത് അംഗീകരിക്കേണ്ടിവരും. സാമൂഹികാഘാത പഠനം നടത്തുന്നതിന് കല്ലിടൽ പ്രക്രിയ പൂർത്തിയാക്കേണ്ട കാര്യവുമില്ല. വികസനത്തിൽ നിന്ന് മാറി ഇതൊരു രാഷ്ട്രീയപ്രശ്നമാക്കി മാറ്റുമ്പോഴാണ് എല്ലാം കുഴഞ്ഞുമറിയുന്നത്. സാമൂഹികാഘാത പഠനം ആരുടെയും അവകാശങ്ങൾ ഹനിക്കുന്നതല്ലെന്ന് സുപ്രീംകോടതി എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാൽ നഷ്ടപരിഹാരത്തിൽ തർക്കമുണ്ടെങ്കിൽ അക്കാര്യം അപ്പോൾ പരിഗണിക്കാമെന്നും ഉന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ എതിർപ്പ് ദൂരീകരിക്കാൻ വേണ്ട പദ്ധതികളാണ് സർക്കാർ പ്രഖ്യാപിക്കേണ്ടത്. ഭൂമി നഷ്ടപ്പെടുന്നതിൽ സാമ്പത്തികമായി തീരെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഒരാൾക്കെങ്കിലും ഇതുമായി ബന്ധപ്പെട്ട് ജോലി നൽകാനും തയ്യാറാവണം. അങ്ങനെയൊക്കെ വരുമ്പോഴെ എതിർപ്പിന്റെ മുന ഒടിയൂ. ദശാബ്ദങ്ങൾക്ക് മുമ്പ് ഫാക്‌ടിന് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ എം.കെ.കെ. നായർ അവലംബിച്ച രീതി ഒന്നു പരിശോധിക്കാനും പഠിക്കാനും കെ. റെയിൽ അധികാരികളോട് സർക്കാരും ആവശ്യപ്പെടണം.