photo

ഓരോ ദേശീയ പണിമുടക്ക് കഴിയുമ്പോഴും കേരളത്തിലെ രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഈ പണിമുടക്കുകൊണ്ട് എന്തുനേടി ? ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമായി അത് അങ്ങനെ അവശേഷിക്കും. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ രണ്ടു പകലും രണ്ടു രാത്രിയും നീണ്ടുനിന്ന പണിമുടക്കിനൊടുവിലും അതേചോദ്യം ഉയരുമെന്ന് തീർച്ച.

ദേശീയ പണിമുടക്കായിട്ടും കേരളത്തിൽ മാത്രമാണ് സമസ്ത മേഖലകളും 48 മണിക്കൂർ സ്തംഭിച്ചത്. മറ്റു ചില സംസ്ഥാനങ്ങളിൽ വ്യവസായശാലകളെ പണിമുടക്ക് ബാധിച്ചെങ്കിലും ജനജീവിതം തടസപ്പെട്ടില്ല. പണിമുടക്ക് തീരെ ബാധിക്കാതിരുന്ന ഇടങ്ങളുമുണ്ട്. ഹർത്താലെന്നോ പണിമുടക്കെന്നോ കേട്ടാൽ കേരളത്തിൽ മാത്രം ഇങ്ങനെ സകല പ്രവൃത്തികളും മുടക്കി ആഘോഷമാക്കുന്ന സമരശൈലി എത്രമാത്രം ഗുണകരമാണെന്ന് ആത്മപരിശോധന നടത്താൻ സമയമായി. പണിമുടക്കിന് ആഹ്വാനം നൽകുന്ന തൊഴിലാളി സംഘടനകളും സർവീസ് സംഘടനകളുമൊക്കെ ഇതുവരെ തുടർന്നുപോന്ന സമീപനരീതി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

രണ്ടുദിവസത്തെ സമ്പൂർണ പണിമുടക്ക് സംസ്ഥാനത്തെ ജനങ്ങൾക്ക് വരുത്തിയ നഷ്ടവും ബുദ്ധിമുട്ടുകളും ഇനി പറഞ്ഞിട്ടു കാര്യമില്ല. ഇടയ്ക്കിടെ ഇത്തരം അടി ഏറ്റുവാങ്ങാൻ കേരള സമൂഹം വിധിക്കപ്പെട്ടതാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളുടെ പേരിലാണ് പ്രധാനമായും ദ്വിദിന പണിമുടക്ക് നടന്നത്. തൊഴിലാളികൾ അതിന്റെ ഭാഗമാകുന്നത് സ്വാഭാവികവുമാണ്. എന്നാൽ പെട്ടിക്കട മുതൽ പലചരക്കു കടകൾ വരെ അടച്ചിടണമെന്നും ആരും റോഡിലിറങ്ങരുതെന്നും ശഠിക്കുന്നതിനു പിന്നിലെ പൗരാവകാശ നിഷേധം എങ്ങനെ അംഗീകരിക്കാനാകും? സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം പാടേ തടഞ്ഞും ഓടുന്ന വാഹനങ്ങൾ തടഞ്ഞുനിറുത്തി കേടുപാടുകൾ വരുത്തിയും യാത്രക്കാരെ കൈയേറ്റും ചെയ്തും പണിമുടക്ക് മുഷ്‌‌ക്കു കാണിക്കുന്ന ഈ പ്രാകൃത സമര രീതി സാമാന്യജനങ്ങളോടുള്ള വെല്ലുവിളിയായേ കാണാനാവൂ. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തികത്തകർച്ചയിൽ നിന്ന് സാധാരണക്കാരും കൂലിപ്പണിക്കാരുമൊന്നും ഇനിയും കരകയറിയിട്ടില്ല. മഹാമാരിയിൽ നിന്ന് രാജ്യവും സംസ്ഥാനവും മുക്തരാകാൻ തുടങ്ങിയിട്ടേയുള്ളൂ. രണ്ടുദിവസത്തെ ഉത്‌പാദനനഷ്ടം വ്യവസായികളും സർക്കാരുകളും സഹിച്ചുകൊള്ളുമെന്നു സമാധാനിക്കാം. എന്നാൽ അന്നന്ന് ജോലിചെയ്ത് കുടുംബം പോറ്റുന്ന ലക്ഷക്കണക്കിനു സാധാരണക്കാരുടെ നഷ്ടം ആരു നികത്തും. തൊഴിലാളികളുടെ പണിമുടക്ക് കൊഴുപ്പിക്കാൻ പെട്ടിക്കടക്കാരനും ഉന്തുവണ്ടിക്കാരനും ചെറിയ കടക്കാരനും ഹോട്ടൽ തൊഴിലാളികളുമടക്കം പണിയെടുക്കുന്ന സകലരും പങ്കുചേരണമെന്ന് നിർബന്ധം പിടിക്കുന്നതും ആരെങ്കിലും പണിചെയ്യാൻ മുതിർന്നാൽ അവരെ ഭേദ്യം ചെയ്യാൻ മുതിരുന്നതും ജനാധിപത്യത്തിൽ നല്ല ലക്ഷണമല്ല.

പണിമുടക്കിനു തിരഞ്ഞെടുത്ത സമയവും തീരെ യോജിച്ചതായിരുന്നില്ല. കേരളത്തിൽ ഇത് പരീക്ഷക്കാലം കൂടിയാണ്. പണിമുടക്കിൽ പരീക്ഷകൾ താളംതെറ്റി. രണ്ടുദിവസം നീണ്ട ഗതാഗതസ്തംഭനമാകട്ടെ സകല മേഖലകളിലുള്ളവരെയും സാരമായി ബാധിക്കുകയും ചെയ്തു.

സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുന്നത് ഹൈക്കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. ജീവനക്കാർ ചൊവ്വാഴ്ചയും ജോലിയിൽ നിന്നു വിട്ടുനിന്നു. കോടതിയെ പേടിച്ച് സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചെങ്കിലും വേതനം ഉപേക്ഷിച്ച് പണിമുടക്ക് തുടരാനാണ് സർവീസ് സംഘടനകൾ തീരുമാനിച്ചത്. പണിമുടക്കുകയും വേണം ശമ്പളം നഷ്ടപ്പെടുകയുമരുത് എന്ന മനോഭാവം ഉപേക്ഷിക്കാൻ കോടതി ഉത്തരവ് നിമിത്തമായത് നല്ല കാര്യം തന്നെ.