
പാറശാല: പാറശാലയിലെ ജനങ്ങൾക്ക് കുടിവെള്ളം തടസമില്ലാതെ ലഭിക്കുക എന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. കഴിഞ്ഞ 50 വർഷങ്ങൾക്ക് മുൻപ് വരെ കിണർ വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന പ്രദേശത്ത് വികസന പ്രവർത്തനങ്ങൾക്കൊപ്പം ജനപ്പെരുപ്പം വർദ്ധിച്ചതും പൈപ്പ് വെള്ളത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണത്തിലെ വർദ്ധനവിന് കാരണമായി. വെറും രണ്ടായിരത്തോളം ഉപഭോക്താക്കൾ മാത്രം ഉണ്ടായിരുന്നത് പതിനയ്യായിരത്തിലേക്ക് മാറി. ആവശ്യത്തിന് അനുസരിച്ച് ശുദ്ധജലം എത്തിക്കാൻ കഴിയാതെവന്നതും തുടരെത്തുടരെയുള്ള പൈപ്പ് പൊട്ടലും വാട്ടർ അതോറിട്ടിക്ക് തലവേദനയായി. പാറശാലയിൽ പൈപ്പ് ലൈനിലൂടെ ലഭിക്കുന്ന കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിന് നൂറ് ഇരട്ടിയിലേറെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വണ്ടിച്ചിറയിൽ 11 കോടിയിലേറെ ചെലവാക്കി പുതിയ പ്ലാന്റ് സ്ഥാപിച്ചത്. എങ്കിലും വിതരണത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തതു കാരണം ശുദ്ധീകരിക്കാത്ത വെള്ളം കൂടി കടത്തിവിട്ടാണ് ഇപ്പോൾ ജലവിതരണം നടത്തിവരുന്നത്. എന്നാൽ അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടൽ ജലവിതരണം തടസ്സപ്പെടുത്തുന്നുണ്ട്.
തടസ്സങ്ങൾ ഏറെ
പാറശാലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ ഇരുപത് വർഷങ്ങൾക്ക് മുൻപ് രണ്ട് കോടിയിലേറെ ചെലവാക്കി കാളിപ്പാറ ശുദ്ധജലപദ്ധതി നടപ്പിലാക്കിയെങ്കിലും പദ്ധതിയിലെ വെള്ളം പാറശാലയിൽ എത്തിക്കാൻ ഇതുവരെയും കഴിഞ്ഞില്ല. നെയ്യാറ്റിൻകരയിൽ റെയിൽപാളത്തിന് കുറുകെ പൈപ്പ് സ്ഥാപിക്കുന്നത് പരിഹരിക്കാനായെങ്കിലും കഴക്കൂട്ടം -കാരോട് ബൈപ്പാസിന് കുറുകെ പൈപ്പ്‌ലൈൻ സ്ഥാപിക്കുക എന്നത് അധികൃതർക്ക് മറ്റൊരു ബാലികേറാമലയായി. ഇവ രണ്ടും പരിഹരിച്ച് കാരോട് പഞ്ചായത്തിന്റെ അതിർത്തി മേഖലയായ പൊൻവിളവരെ കാളിപ്പാറയിലെ വെള്ളം എത്തിച്ചെങ്കിലും തുടർന്ന് പാറശാല വരെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ഫണ്ടിന്റെ ലഭ്യതക്കുറവ് മറ്റൊരു തടസമായി.
പരിഹാരമാകും
അധികൃതരുടെ അടിയന്തര നടപടികളെ തുടർന്ന് ഫണ്ട് ലഭ്യമാക്കി പൊൻവിളയിൽ നിന്നും പാറശാലയിലേക്കുള്ള പൈപ്പ് ലൈൻ കടന്നുപോകുന്ന ഇടിച്ചക്കപ്ലാമൂട് വരെ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് കാളിപ്പാറയിലെ വെള്ളം പാറശാലയിൽ ഏത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. അതനുസരിച്ച് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു.
മുറപോലെ പൈപ്പ്പൊട്ടൽ
ഇടിച്ചക്കപ്ലാമൂട് മുതൽ പാറശാലയിലെ വാട്ടർ ടാങ്ക് വരെ കഴിഞ്ഞ അൻപത് വർഷം മുൻപ് സ്ഥാപിച്ചിട്ടുള്ള പഴയ പൈപ്പ് ലൈനിലൂടെ തന്നെ കാളിപ്പാറയിലെ വെള്ളവും കടത്തിവിടാനാണ് പദ്ധതി. എന്നാൽ കളിപ്പാറയിലെ വെള്ളം പഴയ പൈപ്പ് ലൈനിലൂടെ കടത്തിവിടുന്നത് പരശുവയ്ക്കൽ മുതൽ ഇടിച്ചക്കപ്ലാമൂട് വരെ തുടരുന്ന അടിക്കടിയുള്ള പൈപ്പ് പൊട്ടൽ ഇനി പാറശാലയിലും തുടരാനാണ് സാദ്ധ്യത.