d

തിരുവനന്തപുരം: അടിസ്ഥാന വിദ്യാഭ്യാസത്തിനൊപ്പം സാങ്കേതിക വിദ്യകളിൽ അറിവ് പ്രദാനം ചെയ്ത് സാങ്കേതിക മേഖലയിലേക്ക് പുതിയ തലമുറയെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് മഞ്ചയിൽ ആരംഭിച്ച ഗവ. ജൂനിയർ ടെക്‌നിക്കൽ ഹൈസ്‌കൂൾ അറുപതിന്റെ ധന്യതയിൽ. 1961ൽ ആരംഭിച്ച സ്കൂളിൽ നിന്ന് രാജ്യത്തെ ശ്രദ്ധേയരായ നൂറുകണക്കിന് ശാസ്ത്ര സാങ്കേതിക പ്രതിഭകളാണ് ഉയർന്നുവന്നിട്ടുള്ളത്. ഐ.എസ്.ആർ.ഒ, ബി.എസ്.എൻ.എൽ, വിവിധ എൻജിനിയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, കെ.എസ്.ഇ.ബി തുടങ്ങി വിവിധ സംസ്ഥാന, കേന്ദ്ര സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന നൂറുകണക്കിന് സാങ്കേതിക പ്രതിഭകളെയാണ് വജ്രജൂബിലി ആഘോഷിക്കുന്ന ഈ സ്ഥാപനം സംഭാവനചെയ്തത്.

1959 ജനുവരി 8ന് മുഖ്യമന്ത്രിയായിരുന്ന ഇ.എം.ശങ്കരൻനമ്പൂതിരിപ്പാട് ശിലാസ്ഥാപനം നിർവ്വഹിച്ച സ്‌കൂൾ മന്ദിരത്തിൽ 1961ലാണ് ക്ളാസുകളാരംഭിച്ചത്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രീ വൊക്കേഷണൽ ട്രെയിനിംഗ് കോഴ്സും പത്ത് വരെയുള്ള ക്ലാസുകളുമാണ് ഉണ്ടായിരുന്നത്. പ്രീ വൊക്കേഷണൽ ട്രെയിനിംഗ് കോഴ്സ് പിന്നീട് നിറുത്തലാക്കി.

പത്താം ക്ളാസ് വിജയിച്ചാൽ ഐ.ടി.ഐ യോഗ്യത

എട്ടാം ക്ലാസിലേക്ക് 120 സീറ്റുകളിലാണ് പ്രവേശനം. പത്താം ക്ലാസ് വിജയിക്കുന്നവർക്ക് ടി.എച്ച്.എസ്.എൽ.സി ട്രേഡ് സർട്ടിഫിക്കറ്റും ദേശീയ നൈപുണ്യ പദ്ധതി പ്രകാരമുള്ള ലെവൽ രണ്ട് സർട്ടിഫിക്കറ്റുമടക്കമുള്ള രണ്ട് സാങ്കേതിക വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഐ.ടി.ഐ യോഗ്യതയ്ക്ക് തുല്യമായ ടി.എച്ച്.എസ്.എൽ.സി ട്രേഡ് യോഗ്യതയുള്ളവരെ സാങ്കേതിക തസ്തികകളിലേക്ക് പി.എസ്.സി അടക്കം പരിഗണിക്കും.

6 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളും 6 എൻ.എസ്.ക്യു.എഫ് ട്രേഡുകളുമുണ്ട്. ഏഴാം ക്ലാസ് പൂർത്തിയായ വിദ്യാർത്ഥികൾക്ക് പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ നൽകുന്നത്. ഇംഗ്ലീഷാണ് പഠന മാദ്ധ്യമം.വോക്കേഷണൽ ഹയർസെക്കൻഡറി വിഭാഗവും ഗവ. പോളിടെക്നിക്കും ഇതേ കാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവേശനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് :9745261235, 9846170024