
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വവിതരണ കാലാവധി നാളെ അവസാനിക്കാനിരിക്കെ, പ്രഖ്യാപിച്ച ലക്ഷ്യത്തിന് അടുത്തെങ്ങുമെത്താനാവാത്തതിന്റെ അങ്കലാപ്പിൽ കെ.പി.സി.സി നേതൃത്വം. 50 ലക്ഷം അംഗങ്ങളെ ചേർക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചെങ്കിലും, ഈ മാസം ഒന്നിനാരംഭിച്ച അംഗത്വ വിതരണ കാമ്പെയിനിൽ ഇതുവരെ ചേർക്കാനായത് രണ്ടര ലക്ഷം അംഗങ്ങളെ മാത്രം. നാല്പത് ലക്ഷം അംഗങ്ങളെയെങ്കിലും ചേർക്കാൻ അംഗത്വ വിതരണത്തിന് പത്ത് ദിവസത്തെ സമയം കൂടി നൽകണമെന്ന കെ.പി.സി.സിയുടെ അപേക്ഷ അംഗീകരിക്കാൻ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ എ.ഐ.സി.സിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചുമതലക്കാരനായ മധുസൂദനൻ മിസ്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഷെഡ്യൂൾ അനുസരിച്ച് ഏപ്രിൽ പതിനാറിനകം ബൂത്ത്, മണ്ഡലം, ബ്ലോക്ക് തിരഞ്ഞെടുപ്പുകൾ പൂർത്തീകരിക്കേണ്ടതുണ്ട്. രാജ്യത്ത് അംഗത്വ വിതരണത്തിൽ ഏറ്റവും പിന്നിലാണ് കേരളമെന്നാണ് വിവരം.
തുടക്കത്തിൽ ഡിജിറ്റൽ അംഗത്വം മാത്രമാണ് നിർദ്ദേശിച്ചിരുന്നത്. സാങ്കേതികവിദ്യയിലെ പരിചയക്കുറവ് താഴെത്തട്ടിൽ അംഗത്വവിതരണത്തിന് ചുക്കാൻ പിടിക്കുന്നവർക്ക് വിനയായി. ഡി.സി.സി പുനഃസംഘടന പൂർത്തിയാക്കാനുള്ള ചർച്ചകളിലേക്ക് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഇതിന്റെ നിരീക്ഷണം കൃത്യമായി നടന്നില്ല. ഡിജിറ്റൽ അംഗത്വ വിതരണം ഉദ്ദേശിച്ച ഫലം കാണാതിരുന്നതോടെയാണ്, ഒരാഴ്ച മുമ്പ് പേപ്പർ അംഗത്വത്തിനും തീരുമാനമായത്. ഇതിന് മുമ്പ് അംഗത്വ വിതരണ കാമ്പെയിൻ നടന്ന 2017ൽ 33.85 ലക്ഷം അംഗങ്ങളെയാണ് കേരളത്തിൽ നിന്ന് ചേർക്കാനായത്.
തീയതി നീട്ടിക്കിട്ടിയില്ലെങ്കിൽ, മുൻ തീയതി വച്ച് പരമാവധി അംഗങ്ങളെ ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഒരു ബൂത്തിൽ പരമാവധി 200 അംഗങ്ങളെ ചേർക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പുതിയ സാഹചര്യത്തിൽ കുറഞ്ഞത് 150 പേരെ ചേർക്കുകയാണ് പുതിയ ലക്ഷ്യം. ഇതനുസരിച്ച് 25 ലീഫുകൾ വീതമുള്ള ആറ് അംഗത്വ ബുക്കുകൾ ഓരോ ബൂത്തിലേക്കും അയച്ചു. ആകെ 26,400 കോൺഗ്രസ് ബൂത്തുകൾ സംസ്ഥാനത്തുണ്ട്.
 വ്യാജ പ്രചരണമെന്ന് കെ.പി.സി.സി
കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പെയിനെനെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറി ടി.യു. രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് അംഗത്വമെടുക്കാൻ ആളുകളില്ലെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂർവ്വ നീക്കമാണ്. കോൺഗ്രസ് അംഗത്വ പ്രവർത്തനങ്ങൾക്കായുള്ള പരിശീലനപദ്ധതി മാർച്ച് ഒന്നിനാണ് തുടങ്ങിയത്. ഡിജിറ്റൽ അംഗത്വമാണ് എ.ഐ.സി.സി നിർദ്ദേശിച്ചത്. ഈ മാസം 23നാണ് അവസാനത്തെ മേഖലാ പരിശീലനക്ലാസ് എറണാകുളത്തും തൃശൂരിലുമായി പൂർത്തിയായത്. 25 മുതൽ 31 വരെയാണ് മെമ്പർഷിപ്പ് വാരമായി കെ.പി.സി.സി പ്രഖ്യാപിച്ചത്. പേപ്പർ അംഗത്വവുമാകാമെന്ന് എ.ഐ.സി.സി നിർദ്ദേശിച്ചതിനാൽ ഡിജിറ്റൽ, പേപ്പർ അംഗത്വം ചേർക്കൽ ഒരുപോലെ പുരോഗമിക്കുകയാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു.