 പലയിടത്തും വഴിതടയൽ,വാക്കേറ്റം,സംഘർഷം

തിരുവനന്തപുരം: തൊഴിൽവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രഖ്യാപിച്ച പണിമുടക്കിന്റെ രണ്ടാംദിനവും ഹർത്താലിന് സമാനമായത് ജനത്തെ വലച്ചു. ഡയസ്‌നോൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജീവനക്കാരെത്തുമെന്ന പ്രതീക്ഷയിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കാത്തുനിന്നവർ നിരാശരായി മടങ്ങി. സെക്രട്ടേറിയറ്റിലും കളക്ടറേറ്റിലുമടക്കം ഹാജർനില രണ്ടുശതമാനത്തിലും താഴെയായിരുന്നു.

പലയിടത്തും സമരക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. പാളയം വഴിയുള്ള ഗതാഗതം പൊലീസ് വിലക്കിയത് യാത്രക്കാരെ വലച്ചു. എതിർപ്പ് വകവയ്‌ക്കാതെ തുറന്ന കടകൾ സമരാനുകൂലികളെത്തി പൂട്ടിച്ചത് സംഘർഷത്തിൽ കലാശിച്ചു. പേട്ട ജംഗ്ഷനിലെ വാഹനംതടയൽ വാക്കേറ്റത്തിലും സംഘർഷത്തിനുമിടയാക്കി. സർക്കാർ -സ്വകാര്യ വാഹനങ്ങൾ റോഡിൽ കുത്തിയിരുന്ന് സമരാനുകൂലികൾ തടഞ്ഞു. പൊലീസ് ഇടപെട്ടാണ് ഇവ കടത്തിവിട്ടത്.

നഗരത്തിൽ തുറന്നിരുന്ന പെട്രോൾ പമ്പുകൾ സമരാനുകൂലികളെത്തി അടപ്പിച്ചു. ലുലുമാളിന് മുന്നിൽ രാവിലെതന്നെ സമരക്കാർ പ്രതിഷേധവുമായെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മാളിലെ ശുചീകരണ - സുരക്ഷാ തൊഴിലാളികളെ

അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ സമരക്കാർ തടഞ്ഞു. മാളിനുള്ളിലെ തൊഴിലാളികളും പുറത്തുപോകണമെന്നാവശ്യപ്പെട്ട് ഒരു മണിക്കൂറിലേറെ സമരാനുകൂലികൾ പ്രതിഷേധിച്ചു. പിന്നീട് പൊലീസ് ഇവരെ അറസ്റ്റുചെയ്‌തു നീക്കി.

ആറ്റിങ്ങലിൽ രോഗിയുമായി വന്ന ആംബുലൻസ് തടഞ്ഞ സമരാനുകൂലികൾ ഡ്രൈവറെ കൈയേറ്റം ചെയ്‌ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കല്ലമ്പലത്ത് നിന്ന് രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങുമ്പോഴാണ് ആറ്റിങ്ങലിൽവച്ച് സമരാനുകൂലികൾ വാഹനം തടഞ്ഞത്. വെമ്പായത്ത് സമരക്കാർ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. കൊട്ടാരക്കരയ്ക്ക് പുറപ്പെട്ട ബസിൽ കൊടികുത്തിയാണ് ഇവർ പ്രതിഷേധിച്ചത്. പാപ്പനംകോട് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർക്കും ഡ്രൈവർക്കും മർദ്ദനമേറ്റു.

തമ്പാനൂരിൽ നിന്ന് ഇന്നലെ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നടത്തി. കൊല്ലം,കൊട്ടാരക്കര,പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു സർവീസ്. ബസ് ടെർമിനലിൽ നിന്ന് പൊലീസ് സുരക്ഷയിലാണ് ഗ്രാമപ്രദേശങ്ങളിലേക്ക് സർവീസ് നടത്തിയത്.

പണിമുടക്കിനോട് എതിർപ്പുള്ള യൂണിയനിലുള്ളവർ ചിലയിടങ്ങളിൽ ഡ്യൂട്ടിക്കെത്തിയെങ്കിലും ബസുകൾ സ്റ്റാൻഡിൽ നിന്ന് പുറത്തിറക്കാൻ സമരാനുകൂലികൾ സമ്മതിച്ചില്ല. ഇന്നലെ 2391 സ്ഥിരജീവനക്കാരും 134 താത്കാലിക ജീവനക്കാരും ജോലിക്കെത്തി. തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയവർക്ക് പൊലീസും സന്നദ്ധ പ്രവർത്തകരും യാത്രാസൗകര്യം ഒരുക്കി. പണിമുടക്കിന്റെ സമാപനത്തിന്റെ ഭാഗമായി തൊഴിലാളികൾ പാളയത്തുനിന്ന് ജി.പി.ഒയിലേക്ക് പ്രകടനം നടത്തി.

കെ.എസ്.ആർ.ടി.സി

ജീവനക്കാർക്ക് മ‌ർദ്ദനം

തിരുവനന്തപുരത്ത് നിന്ന് കളിയിക്കാവിളയിലേക്കുപോയ കെ.എസ്.ആർ.ടി.സി ബസാണ് പാപ്പനംകോട് ജംഗ്ഷനിൽ വച്ച് സമരാനുകൂലികൾ തടഞ്ഞത്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. കണ്ടക്ടർ ശരവണഭവനും ഡ്രൈവർ സജിക്കുമാണ് മർദ്ദനമേറ്റത്. അപകടത്തിൽ കൈയ്‌ക്കും കാലിനും പരിക്കേറ്റ ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

സമരക്കാരുടെ അക്രമം ആസൂത്രിതമാണെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ബസ് വരുന്നതിന്റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും അവർ നേരത്തെ ശേഖരിച്ചിരുന്നു. വാട്സാപ്പ് വഴി ഇവർക്ക് മുൻകൂട്ടി വിവരം നൽകിയെന്നാണ് ഇവർ പറയുന്നത്. ആർ.സി.സിയിൽ നിന്ന് ചികിത്സയ്ക്കുശേഷം തമിഴ്നാട്ടിലേക്ക് പോകേണ്ട കുട്ടിയും ബസിലുണ്ടായിരുന്നു. കളിയിക്കാവിള വരെ അവരെ എത്തിക്കാമെന്നാണ് വിചാരിച്ചത്. അസഭ്യം പറഞ്ഞശേഷം കൊടികെട്ടിയ വടികൊണ്ട് അടിച്ചെന്നും ബസ് തടഞ്ഞുനിറുത്തി ദേഹത്ത് തുപ്പിയെന്നും ജീവനക്കാർ പറഞ്ഞു. പൊലീസ് നോക്കി നിൽക്കെയായിരുന്നു സംഭവമെന്നും ജീവനക്കാർ ആരോപിച്ചു.

എന്നാൽ മർദ്ദിച്ചിട്ടില്ലെന്നും സർവീസ് നടത്തരുതെന്ന ആവശ്യമാണ് തങ്ങൾ ഉന്നയിച്ചതെന്നും സമരക്കാർ പറയുന്നു. നിരവധിപേർ ബസ് തടയാനെത്തിയതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമ്പതോളം സമരക്കാർക്കെതിരെ കരമന പൊലീസ് കേസെടുത്തിട്ടുണ്ട്.