silver

തിരുവനന്തപുരം: സിൽവർലൈൻ കല്ലിടലിനെതിരായ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ ജില്ലകളിൽ സർവകക്ഷി യോഗവും സമരനേതാക്കളുടെ യോഗവും വിളിക്കാൻ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകും. കല്ലിടുന്നത് സാമൂഹ്യാഘാത പഠനത്തിനാണെന്നും, അതിന്റെ റിപ്പോർട്ടിൽ ജനാഭിപ്രായം തേടി, ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമേ ഭൂമിയേറ്റെടുക്കലിന് വിജ്ഞാപനമിറക്കൂവെന്നും, സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കൈമാറിയ ശേഷമേ ഭൂമിയേറ്റെടുക്കൂവെന്നും കളക്ടർമാർ ഉറപ്പു നൽകും. കെ-റെയിലിന്റെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ നടപടി. ഇതിനായി കളക്ടർമാരുടെ യോഗം അടുത്തയാഴ്ച വിളിക്കും.

പ്രാദേശിക രാഷ്ട്രീയ നേതാക്കളെ വിളിച്ചുകൂട്ടി പദ്ധതിയുടെയും ഭൂമിയേറ്റെടുക്കലിന്റെയും പൂർണവിവരങ്ങൾ ധരിപ്പിക്കുന്നതിലൂടെ എതിർപ്പ് കുറയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഭൂമി വിട്ടുനൽകേണ്ടവരുടെയും,കുടിയൊഴിപ്പിക്കപ്പെടേണ്ടവരുടെയും യോഗവും വിളിക്കും.

സിൽവർലൈനിൽ കേന്ദ്രസർക്കാരിന്റെ സംശയങ്ങൾക്ക് മറുപടി നൽകാൻ കെ-റെയിൽ ആവശ്യപ്പെട്ട ഭൂമി വിവരങ്ങൾ റെയിൽവേ ഇനിയും നൽകിയില്ല. അലൈൻമെന്റ് പ്ലാൻ, റെയിൽവേ ഭൂമിയുടേയും സ്വകാര്യ ഭൂമിയുടേയും കണക്ക്, നിലവിലുള്ള റെയിൽവേയുടെ ക്രോസിംഗുകൾ, ബാധിക്കപ്പെടുന്ന റെയിൽവേ ഭൂമി തുടങ്ങിയ കാര്യങ്ങളിലാണ് കേന്ദ്രം അവ്യക്തത ചൂണ്ടിക്കാട്ടിയിട്ടുള്ളത്. റെയിൽവേ ഭൂമിയുടെ സർവേ രേഖകൾ കെ-റെയിൽ ആവശ്യപ്പെട്ടെങ്കിലും, ലഭ്യമല്ലെന്നാണ് റെയിൽവേയുടെ മറുപടി. പാതയിരട്ടിപ്പിക്കൽ നടത്തിയ ശേഷം ഭൂമിരേഖകൾ പുതുക്കിയിട്ടില്ലെന്നാണ് റെയിൽവേ പറയുന്നത്. റെയിൽവേ ഭൂമിയിലെ അതിർത്തിക്കല്ലുകൾ വച്ച് പുതുക്കിയ രേഖകൾ രണ്ടു മാസത്തിനകം തയ്യാറാക്കുമെന്ന് കെ-റെയിൽ എം.ഡി വി.അജിത്കുമാർ പറഞ്ഞു.

സംയുക്ത സർവേ

 ഏറ്റെടുക്കേണ്ട 185ഹെക്ടർ റെയിൽവേ ഭൂമിയുടെ രേഖകൾ തയ്യാറാക്കിയശേഷം റെയിൽവേ, കെ-റെയിൽ അധികൃതർ അലൈന്‍മെന്റിൽ സംയുക്ത സർവേ നടത്തും.

 തിരൂർ മുതൽ കാസർകോട് വരെ നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായാണ് സിൽവർലൈൻ പാത. കൊച്ചുവേളി മുതൽ മുരുക്കുംപുഴ വരെ 13കിലോമീറ്റർ നിലവിലെ റെയിൽവേ ട്രാക്കിന് സമാന്തരമാണ്.

 ഏറ്റെടുക്കുന്ന റെയിൽവേ ഭൂമി ദക്ഷിണ റെയിൽവേയും റെയിൽവേ ബോർഡും അംഗീകരിക്കേണ്ടതുണ്ട്.

'കേന്ദ്രസർക്കാർ ഉന്നയിച്ച യാത്രക്കാരുടെ എണ്ണം, പദ്ധതിച്ചെലവ് എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്ക് ജനുവരിയിൽ മറുപടി നൽകി. ശേഷിക്കുന്ന സംശയങ്ങളും ദൂരീകരിക്കും''.

- വി. അജിത്കുമാർ, എം.ഡി, കെ-റെയിൽ