
ശിവഗിരി: കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ നർത്തകി മൻസിയയ്ക്ക് ഭരതനാട്യം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജാതിമത ചിന്തകൾക്കതീതമായി മനുഷ്യനെ വാർത്തെടുക്കാൻ ജീവിതം മുഴുവൻ പ്രവർത്തിച്ച ശ്രീനാരായണഗുരുദേവന്റെ നാട്ടിൽ ഇത്തരം വിലക്കുകൾ അപമാനമാണ്. സാംസ്കാരികകേരളത്തിന് ഇത് ഭൂഷണമല്ല. മൻസിയയുടെ ഭർത്താവ് ഹിന്ദുമതവിശ്വാസിയാണെന്നതും കണക്കിലെടുത്തില്ല. ഒരുഭാഗത്ത് ഹിന്ദുമതം വളരണമെന്ന് പറയുകയും മറുഭാഗത്ത് മതത്തെ തളർത്തുകയും ചെയ്യുന്ന രീതിയാണുള്ളത്. ഗുരുദേവൻ ക്ഷേത്രപ്രതിഷ്ഠക്ക് തയ്യാറായപ്പോൾ അതിനെ ചോദ്യം ചെയ്തവർക്ക് പില്ക്കാലത്ത് അത് അംഗീകരിക്കേണ്ടി വന്നു. ഈ മാറ്റം ഇനിയെങ്കിലും ഉൾക്കൊളളണം. മൻസിയയെ ശിവഗിരി തീർത്ഥാടനത്തിൽ നൃത്തം അവതരിപ്പിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും ജാതിമത ചിന്തകൾക്കതീതമായി കലാപ്രവർത്തകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംസ്കാരമാണ് മഠത്തിനുളളതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.