cabinet

തിരുവനന്തപുരം: വിവാദമുയർത്തിയ ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ കാലഹരണപ്പെടുന്ന ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനുള്ള തീരുമാനം ഇന്ന് മന്ത്രിസഭായോഗം കൈക്കൊണ്ടേക്കും. ലോകായുക്ത ഭേദഗതിയോട് വിയോജിപ്പുള്ള സി.പി.ഐ മന്ത്രിമാർ യോഗത്തിൽ സ്വീകരിക്കുന്ന നിലപാടിലും ആകാംക്ഷയേറി.

അതേസമയം, ബസ് ചാർജ് വർദ്ധനവിന്റെയും മദ്യനയത്തിന്റെയും കാര്യത്തിൽ ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം ധാരണയിലെത്തും. അതിന് ശേഷമേ സർക്കാർ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കൂ. മദ്യനയം ഇന്ന് മുന്നണി യോഗം അംഗീകരിച്ചാൽ അടുത്ത മന്ത്രിസഭായോഗം അത് പരിഗണനയ്ക്കെടുക്കും. ബസ് ചാർജ് വർദ്ധനയിൽ എൽ.ഡി.എഫ് ധാരണയിലെത്തിയാൽ, മന്ത്രിസഭയിലെത്താതെ തന്നെ വകുപ്പു തലത്തിൽ തീരുമാനമെടുക്കാനാവും.

അധികാര സ്ഥാനത്തിരിക്കുന്നവരുടെ അഴിമതിക്കേസുകൾ തെളിയിക്കപ്പെട്ടാൽ അവർ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്ത വിധിച്ചാലും, ബന്ധപ്പെട്ട അധികാരികൾക്ക് ഹിയറിംഗ് നടത്തി വിധി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നാണ് നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി. കൂടിയാലോചനകളില്ലാതെ തിടുക്കപ്പെട്ട് വരുത്തിയ ഭേദഗതിക്കെതിരെ സി.പി.ഐ പരസ്യനിലപാടെടുത്തത് സർക്കാരിനെ പ്രതിരോധത്തിലാക്കി. ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചതോടെയാണ് വിവാദത്തിന് താത്കാലിക ശമനമായത്. മന്ത്രിസഭായോഗം ഓ‌‌ർഡിനൻസ് പാസാക്കിയപ്പോൾ സി.പി.ഐ മന്ത്രിമാർ എതിർക്കാതിരുന്നത് പാർട്ടിയിൽ വിമർശനത്തിനിടയാക്കിയിരുന്നു. സി.പി.ഐയുടെ അതൃപ്തി പിന്നീട് പാർട്ടി മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ അറിയിച്ചു.

 ഐ.ടി മേഖലയിലും മദ്യശാലകൾ

ഐ.ടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാലകൾ ആരംഭിക്കണമെന്ന നിർദ്ദേശമടങ്ങിയ മദ്യനയമാകും ഇന്ന് ഇടതുമുന്നണി ചർച്ചയ്ക്കെടുക്കുക. സൗകര്യമുള്ള സ്ഥലങ്ങളിൽ ജനങ്ങളെ ബാധിക്കാത്ത തരത്തിൽ പുതിയ മദ്യഷാപ്പുകൾ ആരംഭിക്കുക, ബാർ, ക്ലബ് ലൈസൻസ് ഫീസുകൾ ചെറിയ തോതിൽ ഉയർത്തുക, കള്ള് ചെത്തി ശേഖരിക്കുന്നത് മുതൽ ഷാപ്പുകളിലെ വില്പന ഘട്ടം വരെ നിരീക്ഷിക്കാൻ ട്രാക്ക് ആൻഡ് ട്രെയ്സ് സംവിധാനം നടപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കരട് നയത്തിലുണ്ട്. മിനിമം ബസ് ചാർജ് പത്ത് രൂപയാക്കാനും, കിലോമീറ്ററിന് 90 പൈസ എന്നത് ഒരു രൂപയാക്കാനുമുള്ള നിർദ്ദേശമാണ് സർക്കാരിന്റെ പരിഗണനയിൽ.