
തിരുവനന്തപുരം:ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള ഇന്ന് വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രി എം.വി ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും.മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, അഡ്വ.ആന്റണി രാജു , മേയർ ആര്യാ രാജേന്ദ്രൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.കെ.ആർ ഷൈജു തുടങ്ങിയവർ പങ്കെടുക്കും. കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ ഇതിൽ പങ്കെടുക്കും.ഏപ്രിൽ പത്തു വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.ഇതര സംസ്ഥാന വനിതാ കാറ്ററിംഗ് സംരംഭകരും കഫേ കുടുംബശ്രീ വനിതകളും ട്രാൻസ്‌ജെൻഡർ ഗ്രൂപ്പുകളും ചേർന്ന് മുന്നൂറിലേറെ വൈവിദ്ധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളൊരുക്കും. നാഷണൽ റിസോഴ്സ് ഓർഗനൈസേഷനാണ് ഇതിന്റെ ചുമതല.