
തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തനത്തിന്റെ മറവിൽ വിദേശപണം കൈപ്പറ്റി മതമൗലികവാദവും രാജ്യദ്രോഹവും പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തിൽ അവയെ കുടുക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സംസ്ഥാനത്തെ അഞ്ച് ഓൺലൈൻ മാദ്ധ്യമങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. തിരുവനന്തപുരത്ത് രണ്ടും കൊച്ചി, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഓരോന്നുമാണ് നിരീക്ഷണത്തിലുള്ളത്. ഇവയുടെ ഉടമസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ, ചീഫ് എഡിറ്ററുടെ പശ്ചാത്തലം, ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ജോലി തുടങ്ങിയ വിവരങ്ങൾ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് മാദ്ധ്യമ മേഖലയുമായി മുൻ ബന്ധമുണ്ടോ, മറ്റെന്തെങ്കിലും ബിസിനസ് നടത്തുന്നവരോ പങ്കാളികളോ ആണോ മുൻപ് ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നോ എന്നൊക്കെയാണ് പരിശോധിക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ടും കേന്ദ്രത്തിന് നൽകി.
പണത്തിന്റെ വഴി തേടി
ശമ്പളം നൽകുന്ന അക്കൗണ്ടും പരസ്യവരുമാനം എത്തുന്ന അക്കൗണ്ടുകളും
കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ചില ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് അമിത വരുമാനമുണ്ടെന്നും വിദേശ സംഘടനകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളാണ് ഇവർക്ക് പരസ്യ ഇനത്തിൽ വരുമാനം നൽകുന്നതെന്നും ഇന്റലിജൻസ് കണ്ടെത്തി. നിർണായക ഘട്ടങ്ങളിൽ തെറ്റായ സന്ദേശങ്ങളും വികാരങ്ങൾ ആളിക്കത്തിക്കുന്ന വിവരങ്ങളും വാർത്തകളായി അതിവേഗം പ്രചരിപ്പിക്കാൻ ഇത്തരം സ്ഥാപനങ്ങളെ ഉപയോഗിക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.