
തിരുവനന്തപുരം: പ്രമുഖ യു.എസ് പാക്കേജ്-ഡെലിവറി കമ്പനിയായ ഫെഡെക്സ് കോർപ്പിന്റെ പുതിയ സി.ഇ.ഒ ആയി മലയാളിയായ രാജ് സുബ്രഹ്മണ്യം ചുമതലയേൽക്കുമ്പോൾ തിരുവനന്തപുരം കുറവൻകോണത്തെ നികുഞ്ജം ഫ്ളാറ്റിലെ പത്താംനിലയിൽ ആകാശത്തോളം സന്തോഷം. രാജ് സുബ്രഹ്മണ്യത്തിന്റെ അച്ഛൻ മുൻ ഡി.ജി.പി സി.സുബ്രഹ്മണ്യവും അമ്മ ആരോഗ്യവകുപ്പിൽ നിന്നു വിരമിച്ച ഡോ.ബി കമലമ്മാളും സുബ്രഹ്മ്യത്തിന്റെ മൂത്ത സഹോദരി സി.ജാനകിയുമാണ് ഫ്ളാറ്റിലുള്ളത്. പാലക്കാട് ജില്ലയിലെ ചാത്തപുരമാണ് സുബ്രഹ്മണ്യത്തിന്റെ സ്വദേശമെങ്കിലും രാജ് ജനിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്. 1966ലാണ് ജനനം. ജവഹർ നഗറിലെ ചെറിയ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച് നടന്ന പയ്യൻ ഫെഡെക്സിന്റെ തലപ്പത്തെത്തുമ്പോൾ സന്തോഷം മാത്രമേയുള്ളൂവെന്ന് സുബ്രഹ്മണ്യം പറയുന്നു. സ്പോർട്സിൽ കമ്പമുണ്ടെന്ന് കണ്ടപ്പോൾ ടെന്നീസ് ക്ലബിൽ ചേർത്തിരുന്നു. പക്ഷേ അത്ഭുതപ്പെടുത്തുന്ന മികവാണ് അവൻ പഠനത്തിൽ പുലർത്തിയത്. തിരുവനന്തപുരം ലയോളയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മുംബയ് സൗത്ത് ഇന്ത്യൻ കോളേജ് ഒഫ് സയൻസ് ആന്റ് ഇക്കണോമിക്സിലായിരുന്നു പ്രീഡിഗ്രി. ഐ.ഐ.ടി മുംബയിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിൽ ബി.ടെക്ക് നേടിയശേഷം ന്യൂയോർക്കിലെ സൈറാകുസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി പൂർത്തിയാക്കി. ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലായിരുന്നു എം.ബി.എ പഠനം. സൈറാകുസ് യൂണിവേഴ്സിറ്റിയിലെ പഠനക്കാലത്ത് കൈയ്യിൽ പണമില്ലാത്തതിനാൽ അവിടത്തെ പ്രൊഫസറുടെ സഹായിയായി വിദ്യാർത്ഥികളെ പഠിപ്പിച്ച കാലവും രാജിനുണ്ട്. ലയോള സ്കൂളിൽ പഠിക്കുമ്പോൾ പ്രസംഗത്തിൽ പുലർത്തിയ മികവ് പിന്നീട് പലപ്പോഴും ഉപകരിച്ചിട്ടുണ്ടെന്ന് രാജ് പറയാറുള്ളതായി സുബ്രഹ്മണ്യം ഓർക്കുന്നു. സന്തോഷം പങ്കിടാൻ മകൻ ഉടൻ നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ. ചെന്നൈ സ്വദേശിയായ ഉമ സുബ്രഹ്മണ്യമാണ് ഭാര്യ. കാലിഫോർണിയയിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്ന അർജുനും അനന്യയുമാണ് മക്കൾ. സഹോദരൻ രാജീവ് സുബ്രഹ്മണ്യവും ഫെഡെക്സിൽ തന്നെ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനാണ്.