
ആഘാതം കൂട്ടിയത് വിഷപ്പുക അഗ്നിശമന സേന റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: വർക്കലയിൽ പച്ചക്കറി മൊത്ത വ്യാപാരി പ്രതാപനും കുടുംബവും മരിക്കാനിടയായ ദുരന്തത്തിനിടയാക്കിയത് വീടിന്റെ ഹാളും കാർപോർച്ചും ചേരുന്ന ഭാഗത്തുണ്ടായ തീപിടിത്തമാണെന്ന് ഫയർഫോഴ്സിന്റെ നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ ഫയർഫോഴ്സ് ഡിവിഷൻ ഓഫീസറുടെ റിപ്പോർട്ടിലാണ് പരാമർശം.
പിഞ്ചുകുഞ്ഞുൾപ്പെടെ അഞ്ചംഗ കുടുംബത്തിന്റെ ജീവൻ പൊലിഞ്ഞ രാഹുൽനിവാസിൽ വീടിന്റെ ഇടതുവശത്തുനിന്ന് വലതുഭാഗത്തേക്കാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീടിന്റെ ഹാളിലോ കാർപോർച്ചിലോ ഉണ്ടായ പൊട്ടിത്തെറിയാകാം ദുരന്തത്തിനിടയാക്കിയത്. തീപിടിത്തത്തിന്റെ ഉറവിടവും യഥാർത്ഥ കാരണവും പൊലീസ് ഫോറൻസിക് വിഭാഗത്തിന്റെയും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും അന്തിമ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയേ പറയാൻ കഴിയൂവെന്നും ജില്ലാ ഡിവിഷൻ ഓഫീസർ സംസ്ഥാന ഫയർഫോഴ്സ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തീ ഫർണിച്ചറുകളിലേക്കും ജിപ്സം സീലിംഗിലേക്കും വ്യാപിച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക വീട്ടിനുള്ളിൽ തങ്ങി നിൽക്കുകയും ഉറക്കത്തിൽ ഇത് ശ്വസിച്ച് വീട്ടുകാർ അബോധാവസ്ഥയിലാകുകയും ചെയ്‌തതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദുരന്തത്തിലുണ്ടായ പൊള്ളലിനെക്കാൾ കാർബൺ മോണോക്സൈഡ് പോലുള്ള വിഷവാതകങ്ങൾ ശ്വസിച്ചതാണ് ദുരന്തത്തിനിടയാക്കിയത്.
പഴയ കെട്ടിടം നവീകരിച്ചപ്പോൾ വയറിംഗുകൾ അതിന് അനുസൃതമായി പരിഷ്കരിക്കാത്തതും ഇ.എൽ.സി.ബി പോലുള്ള ആധുനിക സുരക്ഷാ ഉപകരണങ്ങളുടെ അഭാവവും തീപിടിത്തത്തിന്റെ വ്യാപ്‌തി വർദ്ധിക്കാൻ കാരണമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജിപ്‌സം സീലിംഗിലെ ഫാൻസി ബൾബുകളുടെ വയറിംഗുകളിൽ നിന്നാണ് ഹാളിലുണ്ടായ തീ താഴത്തെ നിലയിലെ മറ്റ് മുറികളിലേക്ക് വ്യാപിച്ചത്. റൂമുകൾ എ.സിയായിരുന്നതിനാൽ വെന്റിലേഷനുകൾ അടച്ചിരുന്ന വീട്ടിൽ താഴത്തെ നിലയിലെ വിഷപ്പുക മുകൾ നിലയിലെ മുറികളിലേക്ക് വ്യാപിക്കുകയും പുക പുറത്തേക്ക് പോകാതെ അകത്ത് തങ്ങുകയും ചെയ്‌തതാണ് ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടിയതെന്നും ഫയർഫോഴ്സ് ചൂണ്ടിക്കാട്ടുന്നു. അതേസമയം പൊലീസും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും സംഭവത്തിൽ നടത്തുന്ന അന്വേഷണം ഇനിയും പൂർണമായിട്ടില്ല.
തീപിടിത്തത്തിൽ നാമാവശേഷമായ രാഹുൽനിവാസിലെ സി.സി ടിവി കാമറകളുടെ ഹാർഡ് ഡിസ്‌ക് പൊലീസ് കൊച്ചിയിലെ സ്ഥാപനത്തിന് പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. ഫോറൻസിക് ലാബിൽ കണ്ടെത്താൻ കഴിയാതെപോയ കാര്യങ്ങൾ കണ്ടെത്താനായാൽ തീപിടിത്തത്തിന്റെ കാരണമുൾപ്പെടെ എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താമെന്നാണ് പൊലീസും ഫയർഫോഴ്സും കരുതുന്നത്. അസ്വാഭാവികതയോ സംശയങ്ങളോ ഇല്ലെങ്കിലും ഒരു കുടുംബത്തിന്റെ കൂട്ടദുരന്തത്തിനിടയാക്കിയ സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.
അതേസമയം ദുരന്തത്തിൽ പൊള്ളലേറ്റും വിഷപ്പുക ശ്വസിച്ചും അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പ്രതാപന്റെ രണ്ടാമത്തെ മകൻ നിഹുൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയിട്ടുണ്ട്. കൗൺസലിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ശേഷമാണ് നിഹുലിനെ ഡിസ്ചാർജ് ചെയ്‌തതെങ്കിലും ഭാര്യയും മകനും മാതാപിതാക്കളും സഹോദരനുമുൾപ്പെടെയുള്ളവരുടെ വേർപാട് നിഹുലിന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. നിഹുലിന് ആശ്വാസം പകർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ ധാരാളംപേർ വീട്ടിലുണ്ട്.