 സർക്കാരിനെതിരെ വിമർശനവുമായി താരം

തിരുവനന്തപുരം: ഇലക്ഷൻ അടുത്തുവരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീസൗഹൃദമാകുന്നതെന്ന് നടി പാർവതി തിരുവോത്ത് പറഞ്ഞു. സിനിമയിലെ സ്ത്രീകളുട‌െ പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ പല വിഗ്രഹങ്ങളും ഉടയും. റിപ്പോർട്ട് നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടാണ് റിപ്പോർട്ട് പഠിക്കാനായി പല സമിതികളെയും നിയോഗിക്കുന്നത്. സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കുകയായിരുന്നു പാർവതി.

ഇലക്ഷൻ വന്നാൽ റിപ്പോർട്ട് പുറത്തുവരും,​ സർക്കാർ സ്ത്രീസൗഹൃദമായി മാറുന്നത് കാണാനാകും. മൂന്നുവർഷം നമ്മൾ കാത്തിരുന്നു. അതിനുശേഷം അവർ മറ്റൊരു കമ്മിറ്റിയെ വച്ചു. അതുകഴിഞ്ഞ് അഞ്ചുവർഷത്തിനുശേഷം ഈ കമ്മിറ്റി പഠിച്ചത് പഠിക്കാൻവേണ്ടി മറ്റൊരു കമ്മിറ്റി വേണമെന്ന് പറയും. അപ്പോഴേക്കും അടുത്ത ഇലക്ഷനാകും. അവകാശ സംരക്ഷണത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവസരങ്ങൾ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് തന്നു,​ മാറ്റിനിറുത്താൻ ശ്രമിച്ചു. ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാത്തത് പലരും മുതലെടുക്കുകയാണ്. സെല്ലിനെതിരെ പ്രവർത്തിച്ചത് സിനിമാ മേഖലയിലെ കരുത്തരായവരാണെന്നും അവർ കൂട്ടിച്ചേർത്തു.

ആദ്യകാലത്ത് ചിലരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ അതുകുഴപ്പമില്ല,​ അവർ അങ്ങനെയായിപ്പോയി, വിട്ടേക്ക് എന്നാണ് മറുപടി ലഭിച്ചത്. പിന്നീട് സഹപ്രവർത്തകരായ പലരും ഇത്തരം അനുഭവങ്ങൾ നേരിടുന്നുണ്ടെന്ന് മനസിലായി. അതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്നും പാർവതി പറഞ്ഞു.